കോട്ടയം: വിദേശത്ത് മക്കൾ കുടുങ്ങിയതിൻ്റെ വിഷമത്തിലായിരുന്നു പട്ടിത്താനം വിഷ്‌ണു ഭവനിൽ ലിസി. മക്കളെ രക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വലയുന്ന ഘട്ടത്തിലാണ് മന്ത്രി വിഎൻ വാസവനെ സമീപിച്ചത്. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ അവരെ നാട്ടിലെത്തിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലിസിയുടെ മകൻ വിഷ്‌ണുവും ഗർഭിണിയായ ഭാര്യ ടിൻ്റുവും ആയിരുന്നു വിദേശത്ത് കുടുങ്ങിയത്. പത്ത് വർഷമായി വിഷ്‌ണു അബുദാബിയിലും സൗദിയിലുമായി ഷെഫായി ജോലി ചെയ്‌ത് വരികയായിരുന്നു. ഭാര്യ ടിൻ്റു രണ്ട് വർഷമായി ബെഹ്‌റൈനിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ്.
വീട് നിർമാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തി. തുടർന്ന് കഴിഞ്ഞ ജൂലൈ മൂന്നിന് ഇരുവരും വിസിറ്റിങ് വിസയിൽ ബെഹ്‌റൈനിലേക്ക് പോയി. ബെഹ്‌റൈനിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിൽ ജോലി പ്രതീക്ഷിച്ചായിരുന്നു വിഷ്‌ണു എത്തിയത്. എന്നാൽ ഹോട്ടൽ ആരംഭിക്കുന്നതിൽ കാലതാമസം നേരിട്ടു.
വിദേശത്ത് എത്തിയ ശേഷമായിരുന്നു ടിൻ്റു ഗർഭിണിയാണെന്ന വിവരം ഇരുവരും അറിഞ്ഞത്. ഗർഭസ്ഥ അവസ്ഥയിൽ ടിൻ്റുവിന് വിശ്രമം വേണമെന്ന് ഡോക്‌ടർ നിർദേശിച്ചു. തുടർന്ന് ടിൻ്റുവിന് ജോലിയിൽ പ്രവേശിക്കാനായില്ല. ഇതോടെ കടുത്ത പ്രതിസന്ധിയിലെക്ക് കുടുംബമെത്തി. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ ദിവസങ്ങളും മാസങ്ങളും തള്ളിനീക്കിയത്. വിഷ്‌ണുവിന് ജോലി ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങി.
തിരികെ നാട്ടിലെത്താൻ മാർഗമില്ലാതിരുന്ന അവസ്ഥയിലാണ് അമ്മ ലിസി കഴിഞ്ഞ ഞായറാഴ്‌ച മന്ത്രിയെ സമീപിച്ചത്. തുടർന്ന് മന്ത്രി ബെഹ്‌റൈനിലെ സാംസ്‌കാരിക സംഘടനയെ വിവരമറിയിച്ചു. ആശങ്കകൾക്കൊടുവിൽ സംഘടന മുഖാന്തരം ഏകദേശം രണ്ട് ലക്ഷത്തോളം രൂപ മുടക്കി അതിവേഗം ഇരുവരെയും നാട്ടിലെത്തിച്ചു.
തിങ്കൾ പകൽ ഒന്നോടെ ഇരുവരും നാട്ടിലെത്തി. യാത്രയുടെ ശാരീരിക അസ്വസ്ഥതകളാൽ ടിൻ്റുവിനെ തൊടുപുഴ അർച്ചന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ നാട്ടിലെത്തിയതിൻ്റെ സന്തോഷവും നന്ദിയും ലിസി മന്ത്രി വിഎൻ വാസവനെ നേരിട്ടെത്തി അറിയിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കെഎൻ വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്, ഏരിയ കമ്മിറ്റിയംഗം രതീഷ് രത്നാകരൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആവലാതികളാൽ ഒരോ നിമിഷവും തള്ളിനീക്കിയ ലിസിക്ക് ഇത് ഒരു പുതുവത്സര സമ്മാനമായി.