തിരുവനന്തപുരം: ഇത്തവണത്തെ കലോത്സവത്തിന് അരങ്ങുണരുമ്പോള്‍ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ് ഇടുക്കിയിൽ നിന്നുള്ള മൂന്നു പെൺകുട്ടികൾ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഭാഗമായുള്ള സ്വാഗത നൃത്തത്തിൽ ഇരുള നൃത്തത്തിന് ചുവടുകൾ വെച്ചാണ് കല്യാണിയും പ്രസാക്തിയും അമ്മുവും ചരിത്രത്തിന്‍റെ ഭാഗമാകുന്നത്.
ആദ്യമായാണ് ഇരുള നൃത്തം കലോത്സവ വേദിയിലെത്തുന്നത്. അധികം കണ്ടു പരിചയമില്ലാത്ത നൃത്തച്ചുവടുകള്‍ വേദിയിലെത്തിയപ്പോള്‍ കാണികള്‍ക്കും കൗതുകം. ഇതുവരെ കണ്ടിട്ടില്ലാത്തവർ ഇരുള നൃത്തം ഏറെ ആകാംഷയോടെ വീക്ഷിച്ചു. ഗോത്ര വർഗക്കാരായ കലാകാരികള്‍ തന്നെയാണ് തങ്ങളുടെ തനത് കലയെ വേദിയിലെത്തിച്ചത്.
രണ്ടു ദിവസം മുമ്പാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. മറയൂരിലെ മഹിളാ സമഗ്യ സൊസൈറ്റിയിലാണ് താമസം. ഇവിടെ വച്ച് പരിശീലനം നടത്തിയിരുന്നു. ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഗോത്രനൃത്തം ഉൾപ്പെടുത്തിയതിൽ അഭിമാനം ഉണ്ടെന്നും മൂന്നു പേരും പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടു നൃത്ത അധ്യാപകരാണ് ഇവരെ ഇരുള നൃത്തം പഠിപ്പിച്ചത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമാണ് ഇരുള നൃത്തം. ഇത് ഒരു ആഘോഷ നൃത്തം മാത്രമല്ല, ഇവരുടെ സാംസ്‌കാരത്തോട് ഇഴ ചേർന്നു കിടക്കുന്ന കല കൂടിയാണിത്.
കൃഷിയോടനുബന്ധിച്ചും ജനനം, പ്രായപൂർത്തിയാകൽ, വിവാഹം, മറ്റു ആഘോഷങ്ങള്‍, മരണം എന്നിവയോടനുബന്ധിച്ചുമെല്ലാം ഇവർ നൃത്തം ആടുന്നു. തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളുടെ ഭാഷ. ഗ്രാമങ്ങളിൽ നിന്നുള്ള അംഗങ്ങൾ രാത്രിയിൽ പാട്ടും നൃത്തവുമായി രാവിലെ വരെ ഒത്തുചേരുന്ന പതിവും ഇവിടെ ഉണ്ട്.