ന്യൂഡൽഹി : ഡേറ്റിങ് ആപ്പായ ബംബിൾ വഴി പ്രണയം നടിച്ച് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. ഡൽഹി സ്വദേശി തുഷാർ ബിഷ്‌താണ് (23) പിടിയിലായത്. ഡിസംബർ 13 നാണ് പിഎസ് സൈബർ വെസ്‌റ്റിൽ പരാതി ലഭിക്കുന്നത്.
'2024 ജനുവരിയുടെ തുടക്കത്തിലാണ് ബംബിൾ വഴി പെൺകുട്ടി തുഷാറുമായി പരിചയത്തിലാകുന്നത്. യുഎസ് ആസ്ഥാനമായുള്ള കമ്പനിയിലെ ഫ്രീലാൻസർ മോഡലാണ് താനെന്ന് പറഞ്ഞാണ് യുവാവ് യുവതിയുമായി അടുത്തത്. ജോലിയുടെ ഭാഗമായി ഇപ്പോൾ ഇന്ത്യയിലാണെന്നും പ്രതി പറഞ്ഞിരുന്നു. തുടർന്ന് അവർ സുഹൃത്തുക്കളാവുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചാറ്റ് ചെയ്യുകയും ചെയ്‌തിരുന്നു' -ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ ഇരുവരും പ്രണയത്തിലായി. യുവതി അവളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സ്‌നാപ്‌ചാറ്റിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രതിക്ക് അയയ്‌ക്കുകയും ചെയ്‌തു. പലതവണ നേരിട്ട് കാണണമെന്ന് പെൺകുട്ടി പറഞ്ഞിരുന്നുവെങ്കിലും പ്രതി അതിന് വിസമ്മതിച്ചിരുന്നതായും പരാതിയിൽ പറയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട്, പ്രതി യുവതിയുടെ സ്വകാര്യ വീഡിയോ വാട്‌സ്ആപ്പിൽ അയച്ചുകൊടുത്ത് അവളിൽ നിന്ന് പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ, ആ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയോ വിൽക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പണം ആവശ്യപ്പെട്ട് പ്രതി യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. അതിനെ തുടർന്ന് കുറച്ച് പണം പ്രതിക്ക് നൽകിയതായി ഇവര്‍ അറിയിച്ചു.
താൻ വിദ്യാർഥിയാണെന്നും പണമില്ലെന്നും പറഞ്ഞ് വളരെ ചെറിയ തുകയാണ് അവൾ നൽകിയത്. എന്നാൽ പ്രതി പിന്നീടും പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് യുവതി വീട്ടുകാരെ വിവരമറിയിക്കുകയും സൈബർ സെല്ലിൽ പരാതി നൽകുകയുമായിരുന്നു.
ഉടൻ തന്നെ പരാതി പിഎസ് സൈബർ വെസ്‌റ്റിൽ കേസ് രജിസ്‌റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി തുഷാർ ബിഷ്‌താണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കിഴക്കൻ ഡൽഹിയിലെ ഷകർപൂർ മേഖലയിൽ സംഘം റെയ്‌ഡ് നടത്തുകയും പ്രതിയായ തുഷാർ ബിഷ്‌തിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രതിയെ ചോദ്യം ചെയ്‌തപ്പോൾ ബംബിൾ, സ്‌നാപ്‌ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫൈലുകൾ സൃഷ്‌ടിക്കാൻ പ്രതി വിർച്വൽ ഇന്‍റർനാഷണൽ മൊബൈൽ നമ്പറുകളും വ്യാജ ഐഡികളും ഉപയോഗിച്ചിരുന്നതായി വ്യക്തമായെന്ന് വെസ്‌റ്റ് ഡിസിപി വിചിത്ര വീർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഫ്രീലാൻസ് മോഡലെന്ന പ്രൊഫൈൽ ഉണ്ടാക്കുകയും ഒരു ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ തന്‍റെ പ്രൊഫൈൽ ചിത്രമായി പ്രതി ഉപയോഗിക്കുകയും ചെയ്‌തതായി ഡിസിപി വ്യക്തമാക്കി.
18 മുതൽ 30 വയസ് പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. പ്രതി യുവതികളുടെ സൗഹൃദം സ്ഥാപിച്ച ശേഷം അവരുമായി ചാറ്റ് ചെയ്യുകയും, അവരുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ആവശ്യപ്പെടുകയും ചെയ്യും. ഇവ ലഭിച്ചാൽ, പ്രതി അത് സ്‌ക്രീൻ റെക്കോർഡിങ് ഉപയോഗിച്ച് ഫോണിൽ സേവ് ചെയ്യും.
തുടക്കത്തിൽ വിനോദത്തിനായാണ് പ്രതി ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു, എന്നാൽ കാലക്രമേണ ഇരകളിൽ നിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി. പണം നൽകാൻ ഇവര്‍ വിസമ്മതിച്ചാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തും.
ചോദ്യം ചെയ്യലിൽ, നൂറുകണക്കിന് യുവതികളുമായി പ്രതി സൗഹൃദം സ്ഥാപിച്ചതായി വ്യക്തമായി. മാത്രമല്ല അവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഫോണിൽ ഉണ്ടെന്നും പ്രതി പറഞ്ഞു. നിരവധി പെൺകുട്ടികളെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്‌ത് പണം തട്ടിയതായും പ്രതി സമ്മതിച്ചു.