തിരുവനന്തപുരം: യെമനില്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഉന്നതതല നയതന്ത്ര ഇടപെടലുകള്‍ പുരോഗമിക്കുന്നതിനിടെ ഭാര്യയെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് ഭര്‍ത്താവ് ടോമി തോമസ്. ബ്ലഡ് മണി നല്‍കി കൊല്ലപ്പെട്ട തലാല്‍ അബ്‌ദോ മഹ്‌ദിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് വധശിക്ഷ പിന്‍വലിക്കാനാകുമെന്ന പ്രതീക്ഷയാണ് ടോമി പങ്കുവച്ചത്.
"പ്രശ്‌നം പരിഹരിക്കാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുണ്ട്. മഹ്‌ദിയുടെ കുടുംബവുമായി ബന്ധപ്പെടാനാകും. അവര്‍ നിമിഷയ്ക്ക് മാപ്പ് നല്‍കും. മകള്‍ അമ്മയുമായി നിരവധി തവണ ബന്ധപ്പെട്ടു. അമ്മയുടെ ശ്രദ്ധയും സ്‌നേഹവും പക്ഷേ അവള്‍ക്ക് നഷ്‌ടപ്പെടുന്നു." ടോമി തോമസ് പറഞ്ഞു. യെമനില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മടങ്ങി വന്ന ആളാണ് ടോമി തോമസ്. ഇപ്പോള്‍ കേസ് ഇങ്ങനെയൊരു ഘട്ടത്തില്‍ എത്തി നില്‍ക്കേ വീണ്ടും അങ്ങോട്ട് പോകാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
തലാല്‍ അബ്‌ദു മെഹ്ദി എന്ന യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചത്. 2017 ല്‍ ആണ് കേസിനാസ്‌പദമായ സംഭവം. 2012 ല്‍ ആണ് നിമിഷ പ്രിയ നഴ്‌സായി യെമനില്‍ എത്തിയത്. സനയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായിരുന്ന നിമിഷ 2014 ല്‍ തലാല്‍ അബ്‌ദു മഹ്ദിയുമായി പരിചയത്തിലായി. 2015 ല്‍ നിമിഷയും തലാലും ചേർന്ന് അവിടെ ഒരു ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്ക് ലാഭത്തിലായതോടെയാണ് തലാലിന്‍റെ ഉപദ്രവം തുടങ്ങിയത്.
ക്ലിനിക്കിന്‍റെ വരുമാനം നിമിഷ അറിയാതെ തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചു. തലാല്‍ നിമിഷയെ ശാരീരികമായും ആക്രമിച്ചിരുന്നു. 2017 ജൂലൈയില്‍ ആണ് അമിതമായി മരുന്ന് ഉള്ളില്‍ ചെന്ന് തലാല്‍ മരിക്കുന്നത്. മയക്കുമരുന്ന് കുത്തിവച്ച് നിമിഷ തലാലിനെ കൊലപ്പെടുത്തി എന്നാണ് കേസ്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്‍റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ട് വീണ്ടെടുക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നുമാണ് നിമിഷയുടെ വാദം.
തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യെമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.
ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ യെമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷ പ്രിയക്ക് കഴിയുകയുള്ളൂ.