കീവ്: പുതുവര്‍ഷപ്പുലരിയില്‍ റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇത് റഷ്യയ്ക്ക് നേരെ ലോകമെമ്പാടും അതൃപ്‌തി ഉയരാന്‍ കാരണമായിട്ടുണ്ട്. യുക്രെയ്‌ന്‍ തലസ്ഥാനത്തിന് നേരെ നടക്കുന്ന അപൂര്‍വ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്.
പന്ത്രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് തന്‍റെ പുതുവര്‍ഷ സന്ദേശത്തില്‍ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്‌ന്‍ അടിയന്തര സേവന വിഭാഗം അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ പെട്ടാണ് മരണം സംഭവിച്ചത്. നിരവധി തവണ സ്‌ഫോടന ശബ്‌ദം കേട്ടതായി എഎഫ്‌പി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
തലസ്ഥാനത്തെ പെചെര്‍സ്‌കൈ ജില്ലയിലാണ് ആക്രമണം നടന്നത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയും സര്‍ക്കാര്‍ ഓഫീസുകളുമടക്കം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അപ്പാര്‍ട്ട്മെന്‍റുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുക്രെയ്‌ന്‍റെ കേന്ദ്രബാങ്കിന്‍റെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കീവിന്‍റെ ഹൃദയഭാഗത്തേക്ക് ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്ക നല്‍കിയ ആയുധങ്ങളുപയോഗിച്ച് റഷ്യന്‍ ഭൂപ്രദേശത്തിന് നേരെ അടുത്തിടെ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ആക്രമണത്തിനെതിരെ സെലന്‍സ്‌കി ആഞ്ഞടിച്ചു.
പുതുവര്‍ഷ രാവില്‍ പോലും യുക്രെയ്‌നെ ആക്രമിക്കാനാണ് റഷ്യ ശ്രദ്ധ ചെലുത്തിയതെന്ന് സെലന്‍സ്‌കി ആരോപിച്ചു. രാത്രി മുഴുവനും യുക്രെയ്‌ന നേരെ 111 റഷ്യന്‍ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ടെലിഗ്രാമിലെ തന്‍റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 109 എണ്ണത്തെ നിര്‍വീര്യമാക്കാന്‍ യുക്രെയ്ന്‍റെ പ്രതിരോധ സംവിധാനത്തിനായി.
കഴിഞ്ഞ രണ്ട് മാസങ്ങളായി ഇരുപക്ഷവും വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഈ മാസം ഇരുപതിന് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേല്‍ക്കും മുമ്പ് മേല്‍ക്കൈ നേടുകയാണ് ഇരുപക്ഷത്തിന്‍റെയും ലക്ഷ്യം. അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കകം താന്‍ ഒരു സമാധാന ഉടമ്പടി കൊണ്ടുവരുമെന്നാണ് ട്രംപിന്‍റെ അവകാശവാദം. ഇത് കീവിന് ഭയം ഉണ്ടാക്കിയിട്ടുണ്ട്. കാരണം റഷ്യയ്ക്ക് അനുകൂലമായ ഉടമ്പടിയായിരിക്കും ഇതെന്നും അവ അംഗീകരിക്കേണ്ടി വരുമെന്നും കീവ് ഭയക്കുന്നുണ്ട്.