ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ നിരവധി മുറികള്‍ തകര്‍ന്നിട്ടുണ്ട്. അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി. വേല്‍മുരുഗന്‍, നാഗരാജ്, കാമരാജ്, മീനാക്ഷി സുന്ദരം, ശിവകുമാര്‍, കണ്ണന്‍ എന്നിവരാണ് മരിച്ചത്. വിരുദുനഗറിലെ സത്തൂറില്‍ ബൊമ്മായപുരത്താണ് അപകടമുണ്ടായ പടക്കനിര്‍മ്മാണ ശാല സ്ഥിതി ചെയ്യുന്നത്.
80ലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്ന പടക്കനിര്‍മ്മാണ ശാലയാണിത്. അഗ്നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തുടര്‍ച്ചയായി പൊട്ടിത്തെറിയുണ്ടാകുന്നതിനാല്‍ അത് ഏറെ ശ്രമകരമായി തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടസമയത്ത് ഫാക്‌ടറിക്കുള്ളില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
ഫാക്‌ടറി ഉടമകളായ ബാലാജി, ശശി ബാലന്‍, മാനേജര്‍ ദാസ് പ്രകാശ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു. തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ ജോലി ചെയ്യിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.