മലപ്പുറം :ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്ന എൽഡിഎഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സര ചിത്രത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബിജെപി കൂടുതൽ അപ്രസക്തമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിലപാടില്ല. വർഗീയ നീക്കങ്ങൾക്കെതിരെ അവരുടെ ശബ്‌ദം ഉയരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പ്രകടനപത്രികയിൽ പരാമർശം പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം പാർട്ടിയുടെയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍റെയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നുനിന്ന് വോട്ടുചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസും യുഡിഎഫും അധഃപതിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
2023 ജനുവരി അവസാനവാരം ജമ്മു-കശ്‌മീരിൽ ഭാരത് ജോഡോ യാത്രയുടെ പര്യവസാന ദിവസം സംസ്‌ഥാനത്തെ കോൺഗ്രസ് മുഖ്യ വക്താവും കത്വ കേസിലെ ഇരയുടെ അഡ്വക്കേറ്റുമായിരുന്ന അഡ്വ. ദീപിക സിംഗ് രജാവത്ത് കോൺഗ്രസ് പാർട്ടിയില്‍ നിന്നും രാജിവച്ച സംഭവം പാർട്ടിയുടെ അധഃപതനത്തിന്‍റെ ഉദാഹരണമാണ്. ദീപിക സിംഗ് രജാവത്ത് മലപ്പുറത്തുകാർക്ക് അപരിചിതയല്ല. 2021ലെ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി നിരവധി വേദികളിൽ സംസാരിച്ച വ്യക്തിയാണവർ.
മുൻ ജമ്മു-കശ്‌മീർ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചൗധരി ലാൽ സിങ്ങിനെ ജോഡോയാത്ര സമാപനവേദിയിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ദീപിക സിംഗ് രജാവത്തിന്‍റെ രാജി. കത്വയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിൽ റേപ്പിസ്റ്റുകളെ പരസ്യമായി ന്യായീകരിക്കാനും കേസ് അട്ടിമറിക്കാനും മുന്നിൽ നിന്ന വ്യക്തിയാണ് അന്നത്തെ ബിജെപി മന്ത്രികൂടിയായ ചൗധരി ലാൽ സിങ്ങെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കശ്‌മീരിലെ ഒരു ഗ്രാമത്തിൽ നിന്ന് നാടോടി മുസ്‌ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാൻ വേണ്ടിയാണ് കത്വയിൽ ഈ ക്രൂരകൃത്യം ചെയ്‌തത്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഏക്താ മഞ്ചിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിക്ക് നേതൃത്വം കൊടുത്തത് ചൗധരി ലാൽ സിംഗ് ആയിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്നെ ഇങ്ങനെ ചെയ്‌തത് അന്ന് വലിയ വാർത്തയായതാണ്. ചൗധരി ലാൽ സിങ്ങിനെ കോൺഗ്രസിലേക്ക് ആനയിക്കാൻ ഒരു മനഃസാക്ഷിക്കുത്തും കോൺഗ്രസ് നേതൃത്വത്തിനുണ്ടായില്ല.
അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഇത്തരക്കാരെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് സംഘപരിവാറിനെ രാഷ്‌ട്രീയമായി നേരിടാൻ പോകുന്നത്. ജമ്മു കശ്‌മീരിലെ ഉധംപൂരിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നതും ചൗധരി ലാൽ സിംഗ് ആണ്. വാർത്ത സൃഷ്‌ടിക്കാൻ പിആർ ഏജൻസികൾ തയ്യാറാക്കുന്ന വാചകങ്ങൾക്കപ്പുറം ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്‌ത്രപരമായോ പ്രായോഗികമായോ കോൺഗ്രസിന് ഒരു താത്‌പര്യവുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംഘപരിവാറിന്‍റെ രാഷ്‌ട്രീയത്തെ തുറന്നെതിർക്കുന്ന എത്ര കോൺഗ്രസ് നേതാക്കളുണ്ടെന്ന് ചോദിച്ച മുഖ്യമന്ത്രി അധികാര രാഷ്‌ട്രീയത്തിലിടം നേടാൻ മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞെന്നും അങ്ങനെ ആവരുത് എന്നാണ് പൊതുവെ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. തങ്ങൾ ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭ സീറ്റിൽ, അതായത് ഉറപ്പായും ജയിക്കേണ്ട സീറ്റിൽ തോറ്റുപോയ പാർട്ടിയാണ് കോൺഗ്രസ്. ആറ് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വോട്ട് കുത്തിയത്. അവരിപ്പോൾ ബിജെപിയിൽ ചേര്‍ന്നു.