കോഴിക്കോട്:പിവി അൻവറിന് പ്രത്യേക അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ല. തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പൊലീസ് നടപടികള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്‍റെ താത്‌പര്യം എന്തെന്ന് ശ്രദ്ധിച്ചാൽ വ്യക്തമാണ്. പിന്നിൽ ആരാണെന്നും മനസിലാകും. സിപിഎമ്മിന് അതിന്‍റേതായ സംഘടന രീതിയുണ്ട്. വഴിയിൽ നിന്ന് വിളിച്ചു കൂവിയാലോ ആക്ഷേപങ്ങൾ ചൊരിഞ്ഞാലോ സിപിഎം ഭയപ്പെടില്ല.
ഗൂഢ ലക്ഷ്യമുള്ളവർക്ക് ആ വഴിക്ക് പോകാം. വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്‌ടിക്കാനാണ് ശ്രമം. ആരെ കൂടെ കൂട്ടാനാണോ ശ്രമം നടത്തുന്നത് അവർ തന്നെ ആദ്യം തള്ളി പറയുമെന്നും പിണറായി വിജയൻ പറഞ്ഞു.
മലപ്പുറത്തെ മതനിരപേക്ഷ മനസ് ശക്തമാണ്. വർഗീയ ശക്തികളുടെ പിന്തുണയുണ്ട് എന്നതുകൊണ്ട് നാക്ക് വാടകയ്ക്ക് എടുത്ത് എന്തും വിളിച്ച് പറയുന്നവരുടേത് വ്യാമോഹം മാത്രമാണ്. ഒരു വർഗീയ ശക്തിയോടും ഞങ്ങൾക്ക് വിട്ടുവീഴ്‌ച ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും