തിരുവനന്തപുരം:കോൺഗ്രസിന്‍റെ മതനിരപേക്ഷ മുഖം മൂടി പൂർണമായും അഴിഞ്ഞു വീഴുന്ന കാഴ്‌ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നത്. എന്താണ് കോൺഗ്രസിന്‍റെ നിലപാട്? നമ്മുടെ രാജ്യം ജമാഅത്തെ ഇസ്‌ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിന് നിരക്കുന്നതാണോ? എന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ കുറിച്ചു.
ജമാഅത്തെ ഇസ്‌ലാമി രാജ്യത്തേയും രാജ്യത്തിന്‍റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്‍റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല. വെൽഫയർ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു മറയാണ്.
ആ മറയാണ് ജമ്മു കശ്‌മീരിൽ കണ്ടത്. ജമ്മു കശ്‌മീരിൽ ഇതുവരെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിർത്തുപോവുകയായിരുന്നു ജമാഅത്തെ ഇസ്‌ലാമി. കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ചു പോവുകയായിരുന്നു അവർ. ഇപ്പോൾ അവർ ബിജെപിക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും മുഖ്യമന്ത്രി പോസ്‌റ്റിൽ കുറിച്ചു.
ജമ്മു കശ്‌മീരിൽ മൂന്ന് നാല് സീറ്റിൽ ഇത്തവണ മത്സരിക്കാൻ അവർ തീരുമാനിച്ചു. അവസാനം സിപിഎം നേതാവായ മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ ഉദ്ദേശം തരിഗാമിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു. ബിജെപിയും ആഗ്രഹിച്ചത് അതാണ്. അവിടെയുള്ള തീവ്രവാദികളും ബിജെപിയും ഒരേ കാര്യമാണ് ആഗ്രഹിച്ചത്.