തിരുവനന്തപുരം: വൈദ്യശാസ്ത്ര ലോകത്തിന് കേരളം നല്‍കിയ മഹത്തായ സംഭാവനയാണ് ഡോ. എംഎസ് വല്യത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തില്‍ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുര്‍വേദ വൈദ്യശാസ്ത്രം പഠിക്കാനും അതില്‍കൂടി ഗവേഷണം നടത്താനും ഡോ. എം എസ് വല്യത്താന്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹത്തിന്‍റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്‍റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു.
നേതൃത്വ പദവിയില്‍ ഇരുന്ന് ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയെ ഉത്തരോത്തരം വളര്‍ത്തിയ വ്യക്തിയായിരുന്നു.
ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്‌പോസിബിള്‍ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവില്‍ ഹൃദയവാല്‍വ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃത്വപരമായ പങ്കുണ്ടായിരുന്നു.
പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയവ മുതല്‍ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമടക്കമുള്ള അംഗീകാരങ്ങള്‍ വരെ അദ്ദേഹത്തെ തേടിയെത്തി. മണിപ്പാലിലടക്കം അദ്ദേഹം നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും വല്യത്താന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ചു. ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാന സ്ഥാപനമാക്കി വളര്‍ത്തിയെടുത്ത പ്രതിഭാശാലിയായ ഭിഷഗ്വരനായിരുന്നു ഡോ. എം.എസ് വല്യത്താനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
വിദേശത്ത് നിന്ന് വന്‍ തുകയ്ക്ക് എത്തിച്ചിരുന്ന കൃത്രിമ വാല്‍വുകള്‍ ഡോ വല്യത്താന്‍റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിക്കാന്‍ സാധിച്ചത് കേരളത്തിലെയും ഇന്ത്യയിലെയും ആതുരസേവനരംഗത്തെ അധുനീകവത്ക്കരണത്തിലേക്ക് നയിച്ചതിന്‍റെ തുടക്കമായിരുന്നു.