തിരുവനന്തപുരം:കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ എംഎൽഎമാരെ പ്രതി ചേർത്ത് കേസെടുത്തു വെന്നാരോപിച്ച് കെഎസ്യു സെക്രട്ടറിയെറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
വൈകിട്ട് 5:30 യോടെ പാളയത്ത് നിന്നുമാരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞിരുന്നു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു കെഎസ്യു തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി സാൻ ജോസിന് മർദ്ദനമേറ്റത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ എം വിൻസെന്റ്, ചാണ്ടി ഉമ്മൻ എന്നിവരും മറ്റ് കെഎസ്യു പ്രവർത്തകരും ഇന്നലെ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.