തിരുവനന്തപുരം: ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷ റാങ്ക് ലിസ്‌റ്റിൽ മലയാളി തിളക്കം. യുപിഎസ്‌സി പ്രസിദ്ധീകരിച്ച 1016 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇടം നേടിയത് മൊത്തം 54 മലയാളികൾ. ഇതിൽ ആദ്യ 400 റാങ്കിനുള്ളിൽ 22 പേരാണ് സ്ഥാനമുറപ്പിച്ചത്. നാലാം റാങ്കുകാരനായ പി കെ സിദ്ധാർത്ഥ് രാംകുമാർ മുതൽ റാങ്ക് പട്ടികയിലെ മലയാളി സാന്നിധ്യം ആരംഭിക്കുന്നു.
ആദ്യ നൂറ് റാങ്കുകൾക്കുള്ളിൽ ഉൾപ്പെട്ടത് 7 മലയാളികളാണ്. ബി ടെക് ബിരുദധാരികളായ 26 പേരും എംബിബിഎസ് ബിരുദധാരികളായ 6 പേരും ലിസ്‌റ്റിലുണ്ട്. 8 പേർ ബിരുദാനന്തര ബിരുദധാരികളാണ്. 54 പേരിൽ മൂന്ന് പേർ മാത്രമാണ് സംസ്ഥാനത്ത് പുറത്തുള്ള മലയാളികൾ. നാലാം റാങ്കുകാരൻ പി കെ സിദ്ധാർത്ഥ് രാംകുമാർ, 31-ാം റാങ്കുകാരൻ വിഷ്‌ണു ശശികുമാർ, 40-ാം റാങ്കുകാരി അർച്ചന പി പി എന്നിവരാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. 59-ാം റാങ്ക് അടൂർ സ്വദേശി ബെൻജോ പി ജോസിനാണ്. അടൂർ പന്നിവിഴ സ്വദേശിയും കെജിഒഎ പത്തനംതിട്ട ജില്ല പ്രസിഡന്‍റുമായ ജോസ് ഫിലിപ്പിന്‍റെ മകനാണ് ബെൻജോ.
തളർച്ചകളിൽ കാലിടറാതെ: സിവിൽ സർവീസെന്ന സ്വപ്‌ന നേട്ടത്തിന് പിന്നിൽ തളർന്നു പോയ സമയത്ത് കൈപിടിച്ചുയർത്തിയവരെയാണ് എല്ലാവർക്കും ഓർക്കാനുള്ളത്. നാലാം റാങ്കുകാരനായ സിദ്ധാർത്ഥിന് പിതാവാണ് എല്ലാത്തിനും പിന്തുണ നൽകിയതെങ്കിൽ, 71-ാം റാങ്കുകാരിയായ ഫെബി റഷീദിന് ബന്ധുക്കളായിരുന്നു തളർച്ചകളിൽ കൈത്താങ്ങായി എത്തിയത്.