നടൻ ചിരഞ്ജീവി മാധ്യമങ്ങളോട് (ETV Bharat) തിരുവനന്തപുരം:വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി തെലുഗു സൂപ്പർ താരം ചിരഞ്ജീവി. ഇന്ന് (ഓഗസ്റ്റ് 08) വൈകുന്നേരം ആറ് മണിയോടുകൂടിയാണ് താരം തിരുവനന്തപുരത്ത് എത്തിയത്.
വയനാട്ടിലെ ദുരന്തമുഖം ടിവിയിലൂടെയാണ് കണ്ടറിയുന്നത്. തീർത്തും ഹൃദയഭേദകമായ കാഴ്‌ച തന്നെയായിരുന്നു. ദുരന്തം സംഭവിച്ചത് കേരളത്തിലാണെന്നുള്ള വേർതിരിവ് എന്നെ സംബന്ധിച്ചിടത്തോളം ഇല്ല. എല്ലാവരും ഭാരതീയരാണ്. അതുകൊണ്ടുതന്നെ എന്നെക്കൊണ്ട് സാധിക്കുന്ന ഒരു ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് വന്ന് നൽകാനായി തീരുമാനിക്കുകയായിരുന്നു.
മകൻ രാംചരണുമായി ചേർന്നാണ് ഒരു കോടി രൂപ സംഭാവന നൽകിയത്. സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി റാം ചരൺ വിദേശത്താണ്. സഹായം നൽകുന്നതിനായി തന്നെ കാത്തിരിക്കേണ്ട കാര്യമില്ല എന്നും എത്രയും പെട്ടെന്ന് ഇവിടെയെത്തി നമ്മുടെ ഭാഗത്തുനിന്നുള്ള സഹായം ചെയ്യണം എന്നുള്ളതായിരുന്നു റാം ചരൺ പറഞ്ഞത്.
ദുരന്തമുഖത്ത് കരുതലായ പൊലീസ് ഫയർഫോഴ്‌സ്, കേന്ദ്രസേന അംഗങ്ങൾ തുടങ്ങിയ എല്ലാവർക്കും കടപ്പെട്ടിരിക്കുന്നു. പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ട ഒരു നാടിനെ തിരിച്ചു വീണ്ടെടുക്കാൻ എല്ലാവരും സങ്കോചം കൂടാതെ സഹായങ്ങൾ നൽകാൻ സന്നദ്ധരാകണമെന്ന് ചിരഞ്ജീവി പറഞ്ഞു.
Also Read:വയനാടിന് കരുതല്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കി സൂപ്പർതാരം ചിരഞ്ജീവിയും രാം ചരണും