കോഴിക്കോട്: നല്ല ഫ്രഷ് പെടക്കണ മീന്‍ മാത്രമല്ല, ഫിഷ് കട്‌ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി, മീന്‍ അച്ചാറുകള്‍ തുടങ്ങി സ്വാദിഷ്‌ടമായ മീന്‍ വിഭവങ്ങളും ഇനി കുന്ദമംഗലംകാരുടെ വീട്ടുപടിക്കലെത്തും. പുതുതായി ആരംഭിച്ച സഞ്ചരിക്കുന്ന മത്സ്യ വിപണനശാല വഴിയാണ് ഈ വിതരണം. 'അന്തിപ്പച്ച' എന്ന് പേരിട്ടിരിക്കുന്ന വാഹനം നിശ്ചിത ദിവസങ്ങളിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ട് എത്തി ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യും.
നാട്ടുകാർക്ക് ഗുണമേന്മയുള്ള മത്സ്യവും മറ്റു മൂല്യവർധിത ഉത്‌പന്നങ്ങളും നൽകാന്‍ ലക്ഷ്യമിട്ടാണ് മലബാറിലെ ആദ്യ സഞ്ചരിക്കുന്ന മത്സ്യ വിപണനശാലക്ക് കുന്ദമംഗലത്ത് തുടക്കമിട്ടിരിക്കുന്നത്. അഡ്വ. പിടി റഹീം എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം തയ്യാറാക്കിയത്. മത്സ്യവും മത്സ്യ ഉത്പന്നങ്ങള്‍ക്കും പുറമേ മത്സ്യ കറിക്കൂട്ടുകളും ഫ്രൈഡ് മസാലയും സഞ്ചരിക്കുന്ന മത്സ്യ വിപണനശാല വഴി വീട്ടിലെത്തും.
മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന മത്സ്യമാണ് പ്രത്യേകം തയ്യാറാക്കിയ മത്സ്യഫെഡ് ഫിഷറേറിയൻ മൊബൈൽ മാർട്ട് വഴി വിൽപന നടത്തുന്നത്. വാഹനത്തിന്‍റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ഒരു ജനപ്രതിനിധി എന്നാൽ റോഡുകളും പാലങ്ങളും നിർമിക്കുക മാത്രമല്ല, നമ്മുടെ പൊതുസമൂഹത്തിന് ആരോഗ്യമുള്ള ഭക്ഷണവും ഭക്ഷ്യ വസ്‌തുക്കളും എത്തിക്കുക എന്നത് കൂടിയാണ് ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഡ്വ പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി, കോഴിക്കോട് ബ്ലോക്ക് പ്രസിഡണ്ട് ടി കെ ശൈലജ ടീച്ചർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡണ്ട്, മൈമൂന കടുക്കാഞ്ചേരി, മത്സ്യഫെഡ് ബോർഡ് അംഗം വി കെ മോഹൻദാസ്, മറ്റ് വിവിധ ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.