Chief Minister Pinarayi Vijayan Reacts To Panoor Blast പത്തനംതിട്ട : പാനൂർ സ്ഫോടനത്തില്‍ മരിച്ച ഷെറിന്‍റെ വീട് സിപിഎം നേതാക്കള്‍ സന്ദർശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാനൂരില്‍ ബോംബ് നിർമ്മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
പാർട്ടി നേതാക്കളുടെ സന്ദർശനം മനുഷ്യത്വപരമായ സമീപനമാണ്. വീടിന്‍റെ അടുത്ത് ഒരാള്‍ മരിച്ചാല്‍ പോകുന്നത് പോലെയാണ് നേതാക്കള്‍ പോയത്. കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ല. കേരളത്തില്‍ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനുള്ള അനുകൂല പ്രതികരണം യുഡിഎഫിനും എൻഡിഎക്കും അങ്കലാപ്പുണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. രണ്ട് കൂട്ടർക്കും കേരളത്തോട് ശത്രുതാ മനോഭാവമാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നത് മറച്ച് വയ്ക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തോട് ശത്രുത മനോഭാവമാണ് ബിജെപിക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അതിനെതിരെ ഒരു വികാരം സംസ്ഥാനത്ത് ഉയർന്നുവന്നിട്ടുണ്ടെന്നും അതിനനുസൃതമായ ഒരു വിധിയായിരിക്കും തെരഞ്ഞെടുപ്പിലുണ്ടാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാരബുദ്ധിയുമാണ് സംസ്ഥാനത്ത് ഇന്നുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. അത് മറച്ചുവെക്കാനാണ് ഇവർക്ക് താത്പര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം കടമെടുത്ത് മുടിയുകയാണെന്ന് ബിജെപിയുടെ വാദം തന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്. രാജ്യവും കടമെടുക്കുന്നുണ്ട്, എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. 1957 മുതല്‍ കേരളത്തില്‍ നിലവില്‍ വന്ന എല്ലാ സർക്കാരുകളും കടമെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കടമെടുക്കേണ്ടതായി വരും.
കൂടുതല്‍ കടമെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏതായാലും കേരളത്തെ കാണാൻ കഴിയില്ല. പലരും ചിത്രീകരിക്കുന്നത് പോലെ നമ്മള്‍ കടക്കെണിയില്‍പ്പെട്ട ഒരു സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിന്‍റെ വികസന മാതൃക ലോകം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. സാമൂഹ്യ വികസന സൂചികയില്‍ കേരളമാണ് മുന്നില്‍. ധനകാര്യ മിസ്‌മാനേജ്മെന്‍റ് എന്നാണ് കേന്ദ്ര ധനമന്ത്രിയടക്കം കേരളത്തെ ആക്ഷേപിക്കുന്നത്. അത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെ ഉയർത്തുന്ന വാദമാണ്. കേന്ദ്ര സർക്കാരിന്‍റെ നീതി ആയോഗ് പോലുള്ള സംവിധാനങ്ങള്‍ കേരളത്തിന് 24 അവാർഡുകളാണ് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്‍റെ അതിജീവനത്തിന്‍റെയും വികസനത്തിന്‍റെയും പര്യായമായി കിഫ്ബി മാറി. ഇപ്പോള്‍ അതിന്‍റെ മുകളിലാണ് സർക്കാരിനുമേല്‍ കുതിര കയറാൻ ചിലർ മെനക്കെടുന്നത്. കേന്ദ്ര ഏജൻസികളുടെ റഡാറുകളും കിഫ്ബിയിലേക്ക് തിരിച്ചുവെച്ചിട്ടുണ്ട്. പക്ഷേ, എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. കിഫ്ബിയിലെ തീരുമാനങ്ങളെടുക്കുന്നത് തോമസ് ഐസക്കല്ല. പ്രൊഫഷണലുകളടങ്ങിയ ബോർഡാണ്. ഒരു കളി കളിച്ച് നോക്കുകയാണ്. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തില്‍ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്.
പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ഏജൻസി പണി കോണ്‍ഗ്രസ് മതിയാക്കണം. കെജ്രിവാളിന്‍റെ അനുഭവം അവർക്കുള്ളതാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
തോമസ് ഐസക്കിനെയോ മറ്റുള്ള ആരെയെങ്കിലുമോ ഒറ്റത്തിരിഞ്ഞ് അക്രമിച്ച് വശംകെടുത്തി കളയാമെന്ന ചിന്തയുണ്ടെങ്കില്‍ അത് വേണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കിഫ്ബിയില്‍ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടന്നത്. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയെന്ന് പിണറായി പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു പോകും. ഇമ്മാതിരി കളി തൃശൂരില്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ : കേരളത്തിലെ ഒരു സീറ്റിലും ബിജെപി രണ്ടാം സ്ഥാനം പോലും കാണില്ലെന്ന് മുഖ്യമന്ത്രി; കോണ്‍ഗ്രസിനും വിമര്‍ശനം