തൃശൂര്‍: ചേലക്കര നിലനിര്‍ത്തി എല്‍ഡിഎഫ്. ഇടത് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്12122വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 64259 വോട്ടുകളാണ് യുആര്‍ പ്രദീപ് നേടിയത്. ചേലക്കര ഇടതുപക്ഷത്തിൻ്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിച്ചുകൊണ്ടാണ് യുആർ പ്രദീപിന്‍റെ മിന്നുന്ന ജയം. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലവുമായി താരതമ്യം ചെയ്‌താല്‍ എല്‍ഡിഎഫിന് ഇത് വമ്പിച്ച മുന്നേറ്റമാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ആലത്തൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴി ഒരുങ്ങിയത്. മുന്‍ എംഎല്‍എ യുആർ പ്രദീപിനെ എല്‍ഡിഎഫ് വീണ്ടും രംഗത്ത് ഇറക്കിയപ്പോള്‍ രമ്യ ഹരിദാസ് യുഡിഎഫിൻ്റെ സാരഥിയായി. ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിച്ചു.
ഭരണവിരുദ്ധ വികാരമില്ലെന്ന് മാത്രമല്ല 11000 കടന്ന ലീഡ് നില ഇടത് കോട്ടയെ ഒന്നുകൂടി ഊട്ടിഉറപ്പിച്ചു. 1996 മുതല്‍ തുടർച്ചയായി സിപിഎം വിജയിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ കെ രാധാകൃഷ്ണന്‍ വിജയിച്ചത് 39400 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. "ചെങ്കോട്ടയാണ് ചേലക്കര" എന്ന കെ രാധാകൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പ് അക്ഷരാര്‍ഥത്തല്‍ ശരിവക്കുന്നതാണ് യുആര്‍ പ്രദീപിൻ്റെ ഭൂരിപക്ഷം. ചെങ്കൊടി പാറിച്ച് ആഘോഷം പൊടിപൊടിക്കുകയാണ് ഇടത് പാളയം. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ലഡുവും പായസവും വിതരണംചെയ്‌ത് ചേലക്കര വിജയാഹ്ലാദം തുടങ്ങിയിരുന്നു. ഇടതിന് ഉറപ്പുള്ള വിജയമായിരുന്നതുകൊണ്ടുതന്നെ പ്രവര്‍ത്തകൻ വിജയാഘോഷങ്ങള്‍ക്ക് യാതൊരു കുറവും വരുത്തിയിട്ടില്ലെന്നുവേണം പറയാൻ.
ലീഡ് നില ജയം ഉറപ്പിച്ചപ്പോള്‍ ചേലക്കര വീണ്ടും എൽഡിഎഫിനെ ചേർത്തു പിടിച്ചെന്ന് യുആർ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കരയും ചേലക്കരയിലെ ജനങ്ങളും എൻ്റെ പാർട്ടിയും വിജയിച്ചിരിക്കുന്നെന്നും യുആർ പ്രദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രതികരിച്ചു. കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് പ്രഖ്യാപിച്ച് എൽഡിഎഫ് സർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു മന്ത്രി റിയാസ് പ്രതികരിച്ചത്. ചെങ്കോട്ടയാണ് ഈ ചേലക്കര എന്ന് കെ രാധാകൃഷ്‌ണനും ഫേസ്ബുക്കില്‍ പങ്കുവച്ചു. ചേലുള്ള ചെങ്കോട്ട’ എന്ന പോസ്റ്റുമായി മന്ത്രി വീണാ ജോർജ്. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ ലീഡ് കാണിക്കുന്നത്.
ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്. തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു.
1965 മുതല്‍ 1991 വരെ യുഡിഎഫ് കോട്ടയായിരുന്ന ചേലക്കര 1996 മുതല്‍ ഇടത് കോട്ടയായി മാറുകയായിരുന്നു. കെ രാധാകൃഷ്‌ണൻ്റെ സ്ഥാനാര്‍ഥിത്തം തുടര്‍ച്ചയായുള്ള ചേലക്കരയുടെ ഇടത് വിജയത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ ഇതാദ്യമായാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതും യുആര്‍ പ്രദീപിനെ മുൻനിര്‍ത്തി. പാട്ടും പാടി പ്രചാരണം ആരംഭിച്ച രമ്യ ഹരിദാസ് ഏറെ ദൂരം പിന്നില്‍ നില്‍ക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഭരണ വിരുദ്ധവികാരം ഇല്ലെന്ന് മാത്രമാല്ല ചേലക്കകരക്കാര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് യു ആര്‍ പ്രദീപിനെ. പ്രചാരണ സമയത്ത് കെ രാധാകൃഷ്‌ണൻ്റെ അസാന്നിധ്യം ചില വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ചെങ്കോട്ടയാണ് ഈ ചേലക്കരയെന്ന് വീണ്ടും ഒന്നുകൂടി ഉറപ്പിക്കാൻ എല്‍ഡിഎഫിന് സാധിച്ചു എന്നുവേണം കരുതാൻ.