തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിടിമുറുക്കിയ സംസ്ഥാന കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തിനു വെല്ലുവിളിയുയര്‍ത്തി പുതിയ ഗ്രൂപ്പ് ജന്മമെടുക്കുന്നു. മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു എംഎല്‍എ ആയിട്ടും താന്‍ കോണ്‍ഗ്രസില്‍ തികച്ചും അസ്വസ്ഥനാണെന്ന സന്ദേശമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചാണ്ടി ഉമ്മന്‍ നടത്തിയ പരസ്യ പ്രതികരണത്തിനു പിന്നിലെന്ന് അദ്ദേഹത്തോടടുപ്പമുള്ളവര്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കിയെന്നത് വസ്‌തുതയാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് തികഞ്ഞ അവഗണനയാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു വരുന്നതെന്ന പരാതി പൊതുവേ കുടുംബാംഗങ്ങള്‍ക്കുണ്ട്. എംഎല്‍എ എന്ന നിലയിലുള്ള പരിഗണന പോലും നല്‍കാതെ തന്നെ പാര്‍ട്ടിയുടെ പടിക്കു പുറത്ത് നിര്‍ത്തി അപമാനിക്കാനാണ് കോണ്‍ഗ്രസിലെ പുതിയ നേതൃത്വം പ്രത്യേകിച്ചും വിഡി സതീശന്‍ സ്വീകരിക്കുന്നതെന്ന പരാതി ഏറെക്കാലമായി ചാണ്ടി ഉമ്മനുണ്ട്.
Oommen Chandy (ETV Bharat) ഉമ്മന്‍ചാണ്ടി വളര്‍ത്തിക്കൊണ്ടു വന്ന്, ഇന്ന് സംസ്ഥാന രാഷ്‌ട്രീയത്തില്‍ മുഖ്യധാരയിലെത്തി നില്‍ക്കുന്ന ഷാഫി പറമ്പില്‍, ടി സിദ്ദിഖ്, പിസി വിഷ്‌ണുനാഥ്, ഡീന്‍ കുര്യാക്കോസ് എന്നിവരാകട്ടെ സതീശനൊപ്പം ചേര്‍ന്ന് തന്നെ ചവിട്ടി ഒതുക്കുന്നു എന്ന ചിന്തയിലാണ് ചാണ്ടി. ഇത് ചാണ്ടിയുടെ ഹൃദയത്തില്‍ സാരമായ മുറിവേല്‍പ്പിച്ചു. എന്നിട്ടും അവഗണന സഹിച്ച് മുന്നോട്ടു പോകാനായിരുന്നു ശ്രമമെങ്കിലും തികഞ്ഞ അവഗണനയും അവഹേളനവും ഉമ്മന്‍ചാണ്ടിയുടെ പഴയ ശിഷ്യരില്‍ നിന്ന് നേരിടേണ്ടി വന്നത് ചാണ്ടിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനു പുറമേയാണ് എകെ ആൻ്റണിയുടെ മകനു പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിലേക്ക് എന്ന പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് വ്യാപകമായത്. ഇതിനു പിന്നിലും ഉമ്മന്‍ചാണ്ടിയുടെ പഴയ വിശ്വസ്‌തരായ യങ് ബ്രിഗേഡ് ആയിരുന്നെന്ന് ചാണ്ടി ഉമ്മന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഈ സാഹചര്യത്തില്‍ ഇനി നേതൃത്വത്തില്‍ നിന്ന് ഔദാര്യം പ്രതീക്ഷിക്കേണ്ടതില്ലെന്നും തൻ്റേതായ ഇടമുണ്ടാക്കി മുന്നോട്ടു പോവുക എങ്കില്‍ മാത്രമേ പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കാന്‍ വഴിയുള്ളൂവെന്ന വികാരം ചാണ്ടി അടുത്ത സഹപ്രവര്‍ത്തകരുമായി പങ്കുവച്ചതായാണ് വിവരം. ഇത്രയും കാലം കടിച്ചമര്‍ത്തിയ പ്രതിഷേധമാണ് ഇന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ അസംതൃപ്‌തിയായി പുറത്തു വന്നത്.
VD Satheeshan (ETV Bharat) മാത്രമല്ല, വിഡി സതീശനും ഒരു കൂട്ടം യുവ നേതാക്കളും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന വികാരവും ചാണ്ടിക്കുണ്ട്. അതു കൊണ്ടു തന്നെ വിഡി സതീശനെ പരാമവധി ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനങ്ങളാകും ഇനി ചാണ്ടിയില്‍ നിന്നുണ്ടാകുക എന്നതും വ്യക്തമാണ്. ഇതിൻ്റെ ഭാഗമായാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് കവചം തീര്‍ത്ത് ചാണ്ടി രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ ഒരു വന്‍ നിര സതീശനെതിരെ രംഗത്തുണ്ട്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയവരെല്ലാം ഈ നിരയിലെ പ്രബലരാണ്. ഇവര്‍ പരസ്യമായി രംഗത്തിറങ്ങിയാണ് സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്നു പുറത്തു ചാടിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുന്നത്. ഇത് തങ്ങളെല്ലാവരും സതീശനെതിരാണെന്ന മുതിര്‍ന്ന നേതാക്കളുടെ സന്ദേശം കൂടിയാണ്.
സുധാകരന്‍ മാറേണ്ടതില്ലെന്ന പ്രസ്‌താവനയിലൂടെ ഇവര്‍ക്കൊപ്പമാണ് താനെന്ന് വ്യക്തമായ സൂചന കൂടി ചാണ്ടി, സതീശനും അദ്ദേഹത്തിനൊപ്പമുള്ള യുവ നേതാക്കള്‍ക്കും നല്‍കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്നു തന്നെ അകറ്റി നിര്‍ത്തിയതും ഈ സതീശന്‍ കോക്കസാണെന്ന് ചാണ്ടി കരുതുന്നു.
K sudhakaran (ETV Bharat) അതു കൊണ്ടു തന്നെയാണ് രാഹുല്‍ മാങ്കൂട്ടം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കുന്ന ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ചാണ്ടിയെ പ്രേരിപ്പിച്ചതും. കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍ മുന്‍കൈ എടുത്താണ് ചാണ്ടി ഉമ്മന് ചേലക്കരയില്‍ ഒരു ദിവസം പ്രചാരണത്തിന് അവസരം ലഭിച്ചത്. ഇതുപോലെ ഒരു ദിവസം മാത്രമാണ് പാലക്കാടും കെ സുധാകരന്‍ മുന്‍കൈ എടുത്ത് പ്രചാരണത്തിനു നല്‍കിയത്. ഒരോ പഞ്ചായത്തുകളുടെ ചുമതല എംഎല്‍എ മാര്‍ക്ക് വിഭജിച്ചു നല്‍കിയപ്പോള്‍ ചാണ്ടിക്ക് അതും നല്‍കിയില്ല.
ഇതെല്ലാം തന്നോടുള്ള സമീപനമെന്താണെന്ന് വ്യക്തമാക്കുന്നതാണെന്ന് ചാണ്ടിയോടടുപ്പമുള്ളവര്‍ വിലയിരുത്തുന്നു. അതിനിടെ ഉമ്മന്‍ചാണ്ടിക്കും കെ കരുണാകരനുമൊപ്പം മുന്‍പ് നിലയുറപ്പിച്ചിരുന്നവര്‍ ഇന്ന് പാര്‍ട്ടിയില്‍ കടുത്ത അവഗണന നേരിടുകയാണെന്ന് വികാരവും ചാണ്ടിയുടെ പുതിയ നീക്കത്തിനു കാരണമായി കരുതുന്നു. അവഗണ സഹിക്കാനാകാതെ പലരും ബിജെപിയിലേക്കും സിപിഎമ്മിലേക്കും ചേരാന്‍ തയ്യാറെടുക്കുകയുമാണ്.
Ramesh chennithala (ETV Bharat) ഇതിനു തടയിടുന്നതിനും അവരെ ഒപ്പം ചേര്‍ക്കുന്നതിനും തൻ്റെ പുതിയ നീക്കം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍. മുന്‍ എംഎല്‍എമാര്‍ മുതല്‍ ഒട്ടനവധി ഡിസിസി മുന്‍ ഭാരവാഹികള്‍ വരെ അസംതൃപ്‌തരുടെ കൂട്ടത്തിലുണ്ട്. ഇതെല്ലാം തനിക്ക് മുതല്‍ക്കൂട്ടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മനോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് ഇടിവി ഭാരതിനോടു പറഞ്ഞു.
Read More: വാഹനത്തിന് മുന്നില്‍ ചാടി കടുവ; താമരശ്ശേരി ചുരത്തില്‍ യാത്രക്കാര്‍ ആശങ്കയില്‍