കോഴിക്കോട് : ഓരോ കാലവർഷവും ചാലിയാറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് ആശങ്കയുടേതാണ്. കാലവർഷം അടുക്കുംതോറും അവരുടെ ആശങ്കകളും വർധിക്കും. അവരുടെ ജീവനെ ഓർത്ത് തന്നെയാണ് അവരിൽ ആശങ്ക നിറയുന്നത്. കുലംകുത്തി ഒഴുകുന്ന ചാലിയാർ കരകളെയും വിഴുങ്ങിയാണ് വർഷ കാലത്ത് ഒഴുകുന്നത്. ഇത്തവണയും അതിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. ഏക്കർ കണക്കിന് ഭൂമിയാണ് ചാലിയാറിന്‍റെ കുത്തൊഴുക്കിൽപ്പെട്ട് ഇല്ലാതായത്.
കൂളിമാട്, കൊന്നാരക്കടവ്, കൽപള്ളിക്കടവ്, പള്ളിത്താഴം, വെള്ളായിക്കോട്, മണക്കടവ് തുടങ്ങിയ ഭാഗങ്ങളിലെ കരഭാഗങ്ങളാണ് പുഴയെടുത്തതിൽ അധികവും. മിക്കയിടത്തും വീടുകൾക്കും വലിയ ഭീഷണിയുണ്ട്. കര പുഴയെടുത്തതോടെ വലിയ മരങ്ങളും കുത്തൊഴുക്കില്‍പ്പെട്ടു. കൂടാതെ പുഴയോരങ്ങളിലെ കരഭാഗങ്ങളിൽ വലിയ വിള്ളൽ വീണ് ഏത് നിമിഷവും അത് പുഴയിൽ പതിക്കാവുന്ന അവസ്ഥയിലുമാണ്.