മലപ്പുറം:ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡില്‍ നാളെ (ഒക്‌ടോബര്‍ 06) സമാപിക്കും. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 4) വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച യാത്ര നാളെ വൈകിട്ട് മൂന്നിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സമാപിക്കും.
മാലിന്യവിമുക്ത ചാലിയാറെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിച്ചത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്റോറന്‍റ്, ഗ്രീന്‍ വേംസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാഹസികമായി നടത്തുന്ന ബോധവത്‌കരണ യാത്ര പത്താം തവണയാണ് നടത്തുന്നത്.
വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് ആപ്പ് പാഡിലിലും പായ്‌വഞ്ചിയിലും ചുരുളന്‍ വള്ളത്തിലുമായാണ് യാത്ര. യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് ഊഷ്‌മളമായ സ്വീകരണമാണ് കയാക്കിങ് സംഘത്തിന് ലഭിച്ചത്. അരീക്കോട് മൈത്രക്കടവിലെത്തിയ സംഘത്തിന് വൈറ്റ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ക്ലബ്ബ് സെക്രട്ടറി ഷെബീര്‍ മൈത്ര, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്‌ടര്‍ റിന്‍സി ഇക്ബാല്‍, മുഖ്യ പരിശീലകന്‍ പ്രസാദ് തുമ്പാണി, സഫ്‌വാന്‍ എംപി, റഫീഖ് കെ തുടങ്ങിയവര്‍ സംസാരിച്ചു. പിന്നീട് കീഴുപറമ്പ് പഞ്ചായത്തിലെ എടവണ്ണപ്പാറയ്ക്ക് സമീപം മുറിഞ്ഞമാട് എത്തിച്ചേര്‍ന്ന കയാക്കിങ് സംഘത്തിന് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളായ കളേഴ്‌സും റോവേഴ്‌സും ചേര്‍ന്ന് സ്വീകരണം നല്‍കി.
ഇന്ന് ഊര്‍ക്കടവില്‍ നിന്ന് ബോട്ടില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ സംഘവും കൊളത്തറ ചുങ്കത്ത് നിന്ന് ചുരുളന്‍ വള്ളത്തില്‍ ചെറുവണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ 20 പേരടങ്ങിയ തുഴച്ചില്‍ ടീമും ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്‍റെ സെയ്‌ലിങ് ടീമും കയാക്കിങ് സംഘത്തോടൊപ്പം ചേര്‍ന്നു.