എറണാകുളം :തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകനെതിരെ കേസെടുത്ത് പൊലീസ്. പൊന്നുരുന്നി സ്വദേശി അജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പിതാവായ ഷണ്‍മുഖനെ ഇന്നലെയാണ് (മെയ് 11) ഇയാള്‍ ഉപേക്ഷിച്ചുപോയത്.
ശരീരത്തില്‍ സോഡിയത്തിന്‍റെ അളവ് കുറഞ്ഞ് അവശനായ ഷണ്‍മുഖത്തെ പൊലീസ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുടമയായ സുനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് അജിത്തുമായി ബന്ധപ്പെട്ടെങ്കിലും വേളാങ്കണിയില്‍ തീര്‍ഥാടനത്തിന് പോയതാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്. എന്നാല്‍ വീട്ടിലെ മുഴുവന്‍ സാധനങ്ങളുമായാണ് ഇയാളും കുടുംബവും പോയിട്ടുള്ളതെന്ന് വീട്ടുടമ സുനില്‍ പറഞ്ഞു. മാത്രമല്ല സഹോദരിമാരെത്തി പിതാവിനെ കൊണ്ടുപോകുമെന്ന് അറിയിച്ചാണ് അജിത്തും കുടുംബവും പോയതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ തൃശൂരും എറണാകുളത്തുമുള്ള ഷണ്‍മുഖത്തിന്‍റെ പെണ്‍മക്കളുമായി പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. പിതാവിനെ കൊണ്ടുപോകാന്‍ ഉടനെത്താമെന്ന് മറുപടി നല്‍കിയെങ്കിലും ആരും വന്നില്ല. ഇതോടെയാണ് മകനെതിരെ കേസെടുത്തത്. മകനും കുടുംബവും ഉപേക്ഷിച്ചതോടെ ഭക്ഷണവും വെള്ളവുമില്ലാതെ കിടപ്പുരോഗിയായ പിതാവ് ഒരു ദിവസം കഴിയേണ്ടിവന്നു.
അജിത്തിനെതിരെ നേരത്തെയും കേസ് : അജിത്തിനെതിരെ നേരത്തെയും വീട്ടുടമ സുനില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാല് മാസത്തെ വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തതോടെ വാടക നല്‍കാന്‍ ഇയാള്‍ പലതവണ സാവകാശം തേടിയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട സമയം കഴിഞ്ഞിട്ടും വാടക നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറാന്‍ പൊലീസും ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം രണ്ട് ദിവസം കൊണ്ട് വീട് ഒഴിയാമെന്ന് അജിത്ത് അറിയിച്ചിരുന്നതായും സുനില്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് വാഹനാപകടത്തില്‍ പരിക്കേറ്റ ഷണ്‍മുഖന്‍ കിടപ്പിലായത്. പിതാവിനെ പരിപാലിക്കുന്നതിനെ ചൊല്ലി അജിത്തും സഹോദരിമാരും തമ്മില്‍ എപ്പോഴും വഴക്കാണ്. പിതാവിനെ പരിപാലിക്കാന്‍ സഹോദരിമാരെ അജിത്ത് അനുവദിച്ചിരുന്നില്ലെന്നാണ് വീട്ടുടമയുടെ ആരോപണം.