തിരുവനന്തപുരം : ആദിവാസികളോടും സ്ത്രീകളോടുമുള്ള മാർക്‌സിസ്റ്റ് പാർട്ടിയുടെ എതിർപ്പ് കാരണമാണ് ബില്ലുകൾ തടഞ്ഞുവച്ചത് ചോദ്യം ചെയ്‌ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്ന് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാർഥി വി മുരളീധരൻ. രാഷ്ട്രപതിക്കെതിരെ സിപിഎം സുപ്രീംകോടതിയിൽ കേസിന് പോകുന്നു എന്നത് രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണ്. ഇതിനുമുൻപും പല ബില്ലുകളും അംഗീകരിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് വരെ രാജ്യത്ത് രാഷ്ട്രപതിക്കെതിരായി ഒരു സർക്കാരും ഒരു പാർട്ടിയും കേസിനു പോയിട്ടില്ലെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതയെ ഇന്ത്യയുടെ പരമോന്നത പദവിയിലേക്ക് നിർദേശിച്ചപ്പോൾ തന്നെ മാർക്‌സിസ്റ്റ് പാർട്ടി എതിർത്തിരുന്നു. ആദിവാസി വിഭാഗങ്ങളോടുള്ള സിപിഎമ്മിന്‍റെ എതിർപ്പാണ് നിലവിലെ നീക്കത്തിന് കാരണം. സിപിഎമ്മിന് എല്ലാകാലത്തും സ്ത്രീവിരുദ്ധ നിലപാടാണ്. കേരളത്തിൽ ആദിവാസി ഫണ്ട് ദുരുപയോഗം ചെയ്യുന്നവരാണ് സിപിഎമ്മുകാർ.
രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് ആദിവാസികൾക്കെതിരെ സിപിഎം നടത്തുന്ന നീക്കം ജനങ്ങൾ അംഗീകരിക്കില്ല. ബില്ലുകൾ വൈകുന്നത് ആദ്യമല്ല. ഇപ്പോൾ മാത്രം സുപ്രീം കോടതിയെ സമീപിക്കാൻ കാരണമെന്താണ്? അഴിമതിക്ക് കളമൊരുക്കാൻ വേണ്ടി തയ്യാറാക്കിയ ബില്ലുകളാണ് പിടിച്ചു വച്ചിരിക്കുന്നത്.