ഇടുക്കി:ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ പറ്റിച്ചതായി പരാതി. വിപണി വിലയേക്കാൾ ഉയർന്ന നിരക്ക് വാഗ്‌ദാനം ചെയ്‌ത്, ഏലം വാങ്ങിയ ശേഷം പണം നൽകിയില്ലെന്നാണ് പരാതി. തട്ടിപ്പ് നടത്തിയ പാലക്കാട് കരിമ്പ സ്വദേശിയായ മുഹമ്മദ് നസീറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.
ഇടുക്കിയിലെ അടിമാലി, വെള്ളത്തൂവൽ, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കർഷകരാണ് തട്ടിപ്പിനിരയായത്. വിപണിയിൽ 3500 രൂപ കിലോയ്ക്ക് വിലയുള്ളപ്പോൾ അയ്യായിരം രൂപ നൽകാമെന്നായിരുന്നു മുഹമ്മദ് നസീറിന്‍റെ വാഗ്‌ദാനം.
ഒരുമാസം മുതൽ ഒന്നര മാസം വരെ അവധി പറഞ്ഞ് ഇയാൾ ഏലക്ക സംഭരിക്കും. ഇതിനായി അടിമാലിയിൽ ഏലയ്ക്ക ഗ്രേഡിങ് സെന്‍ററും തുറന്നിരുന്നു. എൻ ഗ്രീൻ എന്ന പേരിലുളള സ്ഥാപനത്തിന്‍റെ മറവിലായിരുന്നു സംഭരണം.
തുടക്കത്തിൽ കർഷകർക്ക് കൃത്യമായി പണം കിട്ടിയിരുന്നു. ഇത് കേട്ടറിഞ്ഞ് കൂടുതൽ വില പ്രതീക്ഷിച്ചെത്തിയ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി സംഭരിച്ച എലക്കയുടെ തുക തിരികെ കിട്ടാഞ്ഞതോടെ പലരും പൊലീസിനെ സമീപിച്ചു.
അടിമാലി പൊലീസ് സ്‌റ്റേഷനിൽ മാത്രം നസീറിനെതിരെ 23 പരാതികൾ കിട്ടിയിട്ടുണ്ട്. അടിമാലിയിൽ നിന്ന് അഞ്ച് കോടി രൂപയിലേറെ ഇയാൾ ഇങ്ങനെ വെട്ടിച്ചെന്നാണ് കണക്ക്. ഒരു മാസത്തിനകം മുഴുവൻ പണവും നൽകാമെന്ന് നസീർ പലർക്കും ഉറപ്പ് നൽകിയിട്ടുമുണ്ടെന്നും വിവരം ലഭിച്ചതായി അധികൃതർ അറയിച്ചു.
ഇത് മുഖവിലയ്‌ക്കെടുത്ത പലരും ഇതുവരെ പരാതി നൽകിയിട്ടില്ല. ഏറെക്കാലമായി അടിമാലിയിലുളള പാലക്കാട് സ്വദേശി നസീർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Also Read:ഏലപട്ടയ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയ കേസ്; പരിശോധന ആരംഭിച്ച് റവന്യു വകുപ്പ്