കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഓട് വ്യവസായത്തിന്‍റെ സ്‌തംഭമായിരുന്ന ചിമ്മിനി (പുകക്കുഴൽ) തലതാഴ്ത്തി. 145 വർഷത്തിലേറെ പഴക്കമുള്ള ഫറോക്കിലെ ദി കാലിക്കറ്റ് ടൈൽ കമ്പനി ചരിത്രമായതോടെയാണ് ചിമ്മിനിയും തകർത്തത്. നിരവധി തൊഴിലാളികളുടെ മാസങ്ങളുടെ നിർമാണ വൈഭവമാണ് നിലംപരിശായത്.
നൂറുകണകണക്കിന് ഇഷ്‌ടികകൾ അടുക്കി വെച്ചുളള ഈ പുകക്കുഴൽ റോഡ് -റെയിൽ യാത്രക്കാരുടെ അതിശയ കാഴ്‌ച വസ്‌തു കൂടിയായിരുന്നു. കേരളത്തിൽ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും മേൽക്കൂരകളിൽ വിപ്ലവം തീർത്ത ഓട്ടുകമ്പനിയായിരുന്നു ദി കാലിക്കറ്റ് ടൈൽ കമ്പനി. അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവും ബിസിനസ് തളർച്ചയുമാണ് കമ്പനിക്ക് താഴിട്ടത്.