തൃശൂർ: രാജ്യത്തിൻ്റെ അഭിമാനം കാത്ത കാര്‍ഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളിലേക്ക് രാജ്യം കടക്കുമ്പോൾ മറക്കാനാവാത്ത ഒരു പേരാണ് തൃശൂർ ചാവക്കാട് സ്വദേശിയായ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യൻ്റേത്. കാർഗിൽ യുദ്ധവിജയത്തിൻ്റെ സുപ്രധാന നീക്കമായ ബാറ്റിൽ ഫോർ ഗൺ ഹിൽനുവേണ്ട ഫയർ പ്ലാൻ തയാറാക്കിയത് സുബ്രഹ്മണ്യനായിരുന്നു.
1999 മേയ് മുതല്‍ രണ്ടരമാസം നീണ്ടുനിന്ന കാർഗിൽ യുദ്ധത്തില്‍ 527 ജവാന്‍മാരാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്‌തത്. പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തിന്‍റെ അവസാനം സമ്പൂര്‍ണ വിജയം ഇന്ത്യയ്ക്കായിരുന്നു. ഈ ഓർമ്മകളിലാണ് രാജ്യം എല്ലാ വർഷവും കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കശ്‌മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക.
ലഡാക്കിനെയും സിയാച്ചിനെയും വെട്ടിമുറിക്കുകയെന്നതായിരുന്നു കാർഗിലിലെ പാക് ലക്ഷ്യം. നുഴഞ്ഞുകയറ്റക്കാരുടെ വേഷത്തിൽ ഇന്ത്യന്‍ സേനയുടെ പോസ്റ്റുകളിലേക്ക് എത്തിയ പാക് സൈന്യത്തിൻ്റെ നീക്കം ദ്രാസ് പ്രദേശത്ത് യാക്കിനെ മേയ്ക്കുന്ന ഇടയന്‍മാർ തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യൻ സൈന്യത്തിന് വേഗത്തിൽ ഇടപെടൽ നടത്താനായത്.