കണ്ണൂരില്‍ ബോംബ് സ്‌ഫോടനം വയോധികന്‍ മരിച്ചു (ETV Bharat) കണ്ണൂർ :തലശേരിയിൽ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. തലശ്ശേരി കുടക്കളം സ്വദേശി വേലായുധനാണ് (80) മരിച്ചത്. ഇന്ന് (ജൂണ്‍ 18) ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം.
പറമ്പില്‍ നിന്നും ലഭിച്ച വസ്‌തു ബോംബ് ആണെന്ന് അറിയാതെ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൽ വേലായുധന്‍റെ ഇരുകൈകളും അറ്റുപോയി.
വേലായുധന്‍റെ മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. എസ്‌പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
തുടര്‍ക്കഥയാകുന്ന ബോംബ് സ്‌ഫോടനം:കണ്ണൂരിലെ വിവിധയിടങ്ങളിലായി നേരത്തെയും ബോംബ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ ബോംബ് സ്‌ഫോടനമാണ് ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്‌തത്. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ പാനൂരിലെ സിപിഎം പ്രവർത്തകൻ മരിച്ചത് ഏറെ വിവാദമായിരുന്നു.
കൈവേലിക്കൽ സ്വദേശി ഷെറിനാണ് ഏപ്രിൽ 5നുണ്ടായ സ്‌ഫോടനത്തിൽ മരിച്ചത്. സംഭവത്തില്‍ മുളിയാത്തോട് സ്വദേശി വിനീഷിനും പരിക്കേറ്റിരുന്നു. ഇരുവരും സിപിഎം പ്രവർത്തകരാണ്. ആളൊഴിഞ്ഞ വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
ബോംബ് നിർമാണം നടക്കുന്ന പ്രദേശങ്ങൾ ആളൊഴിഞ്ഞ കെട്ടിടങ്ങളോ പറമ്പുകളോ ആണ്. രാഷ്‌ട്രീയ എതിരാളികളെ വക വരുത്താൻ കൃഷി ചെയ്യും പോലെയാണ് പാനൂർ ചൊക്ലി എരിഞ്ഞോളി നാദാപുരം തുടങ്ങിയ പ്രദേശങ്ങളിലെ ബോംബ് നിർമാണം. ഇത്തരത്തിൽ പറമ്പിൽ നിന്ന് ലഭിച്ച സ്‌റ്റീൽ പാത്രം തുറന്നപ്പോളാണ് വേലായുധന് ജീവൻ നഷ്‌ടപ്പെട്ടത്.
ഏപ്രിൽ 5ന് ബോംബ് സ്ഫോടനം നടന്ന പ്രദേശത്തിന്‍റെയും സ്ഥിതി വ്യത്യസ്‌തമല്ല . മുളിയാത്തോട് റോഡ് അവസാനിക്കുന്നതിന് മുമ്പായി 25 മീറ്റർ നീളത്തിൽ മണൽവരമ്പാണ്. രണ്ടേക്കറോളം പരന്നുകിടക്കുന്ന കശുമാവിൻ തോട്ടത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് രണ്ട് വീടുകൾ മാത്രമാണുള്ളത്. ഇതിനടുത്ത് ഒരു പാറമടയുമുണ്ട്. ഈ പ്രദേശത്ത് പകൽനേരത്ത് പോലും ജനസഞ്ചാരം വളരെ കുറവാണ്.
സ്ഫോടനത്തിൽ നിരപരാധികൾക്കാണ് പലപ്പോഴും ജീവൻ നഷ്‌ടമാവുന്നത്. ഉറ്റവർക്ക് കാണാൻ പോലും പറ്റാത്ത രീതിയിലാണ് ശരീരം ചിന്നിച്ചിതറുന്നത്. ബോംബ് സ്ഫോടനം നടന്ന ആദ്യ ഒന്നോ രണ്ടോ ദിവസങ്ങളിൽ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന കർശനമാക്കുകയും ബോംബുകൾ നിർവീര്യമാക്കുകയും ചെയ്യുന്നുവെങ്കിലും രാഷ്‌ട്രീയ സമ്മർദത്തിൽ ഇപ്പോഴും പല കേന്ദ്രങ്ങളിലും ബോംബ് നിർമാണം യഥേഷ്‌ടം തുടരുകയാണ്. ബോംബ് നിർമിച്ച് ഒളിപ്പിക്കുന്നത് ഗുഹകളിലാണ്. ആളൊഴിഞ്ഞ പറമ്പിലും പറങ്കിമാവിൻ തോട്ടത്തിലും പാറമടയിൽ ഗുഹയിൽ ബക്കറ്റിൽ ഒളിപ്പിച്ചനിലയിലും ബോംബ് കണ്ടെത്തുന്നത്.
Also Read:ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് കണ്ണൂരില്‍ സിപിഎം സ്‌മാരകം