തിരുവനന്തപുരം :ബിജെപി ജില്ല കമ്മിറ്റിയംഗവും തിരുവനന്തപുരം തീരദേശ മേഖലയിലെ നേതാവുമായ ഫ്രാൻസിസ് ആൽബർട്ടും നിരവധി പ്രവർത്തകരും പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. തീരദേശത്തോടും ക്രിസ്ത്യൻ സമുദായത്തോടും ബിജെപി പുലർത്തുന്ന സമീപനത്തിൽ മനംനൊന്താണ് ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലെത്തിയതെന്ന് ഫ്രാൻസിസ് ആൽബർട്ട് പറഞ്ഞു. കോൺഗ്രസിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന തീരദേശ മേഖലയിലെ വോട്ടുകൾ തട്ടിയെടുക്കാനായി ബിജെപി പണം വാരിയെറിയുകയാണെന്നും ഇന്നലെ രാവിലെ പണവുമായി തന്നെയും സമീപിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശശി തരൂരിന് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾ സ്വാധീനിക്കുന്നതിന് തീരദേശത്ത് ചില നേതാക്കൾ പണം മുടക്കുന്നുവെന്ന് അവിടുത്തെ ആളുകൾ തന്നോടു പറയുന്നുണ്ടെന്ന് ശശി തരൂരും പ്രതികരിച്ചു. ഫ്രാൻസിസ് ആൽബർട്ടിനെ ഇന്ദിരാഭവനിൽ കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസനും ശശി തരൂർ എംപിയും ചേർന്ന് സ്വീകരിച്ചു.