കോട്ടയം :സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയത് ചില ആളുകളുടെ താത്‌പര്യങ്ങൾ കണക്കിലെടുത്താണെന്ന് പാലാ മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കകണ്ടം. സിപിഎം തീരുമാനങ്ങളെ വിമർശിക്കില്ല. എന്നാൽ രാഷ്ട്രീയ അഭയം തേടി വന്ന ജോസ് കെ മാണിയെ സിപിഎം സംരക്ഷിക്കുന്നുവെന്നും ബിനു ആരോപിച്ചു.
പാലാ നഗരസഭയിലെ സിപിഎം കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ഇന്നലെ (ജൂണ്‍ 11) പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ ബിനു വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് വിമത പ്രവർത്തനം നടത്തിയെന്ന പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ല കമ്മിറ്റി അംഗീകാരം നൽകിയത്.
സിപിഎം ജോസ് കെ മാണിയുടെ സമ്മർദത്തിനു വഴങ്ങിയാണ് തന്നെ പുറത്താക്കിയ നടപടി എടുത്തത്. ജോസ് കെ മാണിക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ബിനു പറഞ്ഞു. പാർട്ടിയുടെ വെറും ബ്രാഞ്ച് അംഗത്തെ വേണോ ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ മാണിയെ വേണോ എന്ന് പാർട്ടിക്ക് തോന്നിയിട്ടുണ്ടാകുമെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പാലായിൽ പലയിടത്തും ജോസ് കെ മാണിക്കെതിരെ ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.