ബിനോയ് വിശ്വം മാധ്യമങ്ങളോട് (ETV Bharat) തിരുവനന്തപുരം:കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമൂഹത്തില്‍ മതസ്‌പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഇടത് സൈബറിടങ്ങളിൽ ഇത്തരം പ്രചാരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം. തിരുവനന്തപുരത്തെ സിപിഐയുടെ താത്കാലിക ആസ്ഥാനമായ എംഎന്‍ സ്‌മാരകത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാകയുയര്‍ത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ബിനോയ് വിശ്വം.
അത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. തങ്ങളുടെ നയത്തിന് വിപരീതമായിട്ടുള്ള കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വർഗീയ പ്രചാരണ വേലയുടെ രാഷ്ട്രീയമോ ആശയമോ അല്ല ഇടതുപക്ഷത്തിന്‍റേത്.
സംഭവത്തിൽ സിപിഎം നേതാവ് കെകെ ശൈലജ നേരത്തെ വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ട്. വയനാട് തുരങ്ക പാത നിര്‍മാണത്തിലെ ആശങ്കകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടുവട്ടം ചിന്തിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പശ്ചിമഘട്ടം ലോലമാണ്, അതിന്‍റെ ഭാഗമാണ് ഉരുള്‍പൊട്ടല്‍. ശാസ്ത്രീയമായ പഠനം വേണം, അതിനനുസരിച്ചേ വികസനം നടപ്പിലാക്കാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് സമാന്തര കമ്മിറ്റി രൂപീകരിച്ച സംഭവത്തിലും ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി. സമാന്തര പ്രവർത്തനം കമ്മ്യൂണിസ്‌റ്റ് രീതിയല്ല. സമാന്തര പ്രവർത്തനം ആര് നടത്തിയാലും ആര് പിന്താങ്ങിയാലും പാർട്ടി വിരുദ്ധമായ കാര്യമാണ്. അത് കെ ഇ ഇസ്‌മയിലിനും അറിയാമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
Also Read:'കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകണം, തെളിവുകള്‍ പൊലീസിന്‍റെ പക്കലുണ്ട്': കെ.സുധാകരന്‍