എറണാകുളം:ആശിച്ചുമോഹിച്ചാണ് എറണാകുളം സ്വദേശികളായ പ്രശാന്ത് വി, ജയ്‌ചന്ദ്ര മേനോൻ എന്നിവർ മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കി അമേരിക്കൻ കമ്പനിയായ യു എമ്മിന്‍റെ ക്രൂയിസർ ബൈക്ക് വാങ്ങിയത്. എന്നാൽ പിന്നീട് ബൈക്കിന് പ്രശ്‌നങ്ങൾ ആരംഭിച്ചു. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും സേവനം നൽകാതെ വന്നതോടെ ഇവർ ഉപഭോക്‌തൃ കോടതിയെ സമീപിച്ചു. എന്നാലിപ്പോൾ മുട്ടൻ പണി കിട്ടിയിരിക്കുന്നത് ബൈക്ക് നിർമാതാക്കൾക്കും ഡീലർക്കുമാണ്. 5.39 ലക്ഷം രൂപ പരാതിക്കാർക്ക് നൽകാനാണ് കോടതി വിധിയായത്.
2.9 ലക്ഷം രൂപ നൽകിയാണ് ക്രൂയിസർ ബൈക്ക് പരാതിക്കാർ വാങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കിപ്പുറം ബൈക്കിൽ സ്‌റ്റാർട്ടിങ് പ്രശ്‌നം ഉൾപ്പെടെ പല തകരാറുകളും കണ്ടുതുടങ്ങി. എന്നാൽ പുതിയ ബൈക്കല്ലേയെന്ന് കരുതി ക്ഷമിച്ചു. പിന്നീട് ബൈക്കിൽ തകരാറുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. അമിത ശബ്‌ദം, ചൂട്, അപകടകരമായ രീതിയിൽ പെട്ടെന്ന് ബൈക്ക് നിന്ന് പോവുക ഉൾപ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടായി.
ബിഎസ് 4 ഫ്യുവൽ ഇൻജക്ഷനിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് ബൈക്ക് ഉടമയ്‌ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കാർബറേറ്റർ സാങ്കേതികവിദ്യയിലേക്ക് മാറ്റി. എന്നിട്ടും ബൈക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ സർവീസിന് നൽകാമെന്ന് തീരുമാനിച്ചു. എന്നാൽ ഡീലർ ഇത് നിഷേധിച്ചു. പിന്നീട് ബൈക്കിന് ആവശ്യമായ പാർട്‌സും ലഭ്യമല്ലാതായി.
എന്നാൽ ഇതെല്ലാം സംഭവിച്ചത് വാറൻ്റി കാലയളവിനുള്ളിൽ തന്നെയാണെന്നുളളത് കൗതുകകരമാണ്. ന്യൂനത കണ്ടെത്തിയതും ഈ കാലയളവിൽ തന്നെ. ബൈക്കിൻ്റെ നിർമ്മാണത്തിൽ പോരായ്‌മ കണ്ടെത്തിയെങ്കിലും അത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും കമ്പനിയുടെ ഭാഗത്ത് നിന്നോ ഡീലറുടെ ഭാഗത്ത് നിന്നോ ഉണ്ടായില്ല. നിർമ്മാണ ന്യൂനതയാണ് യഥാർഥ കാരണമെന്ന് ഡീലറും സമ്മതിച്ചു.