കേരളം

kerala

ETV Bharat / state

മുനിസിപ്പൽ പാർക്കിലെ ബിനാലെ ശിൽപം മറിഞ്ഞു; അധികൃതരുടെ അനാസ്ഥ മൂലമെന്ന് ആരോപണം - VAIKOM BIENNALE SCULPTURE FELL OVER - VAIKOM BIENNALE SCULPTURE FELL OVER

കൊച്ചി ബിനാലോയോടനുബന്ധിച്ച് പ്രശസ്‌ത ശില്‌പി ജിജി സ്‌കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ മാതൃകയിലുള്ള ശിൽപമാണ് കാറ്റിൽ മറിഞ്ഞത്.

ബിനാലെ ശിൽപം കാറ്റിൽ മറിഞ്ഞു  വൈക്കം  VAIKOM BIENNALE SCULPTURE  കേരള ലളിതകലാ അക്കാദമി
BIENNALE SCULPTURE IN VAIKOM (Source : ETV Bharat Network)

By ETV Bharat Kerala Team

Published : May 20, 2024, 9:52 PM IST

BIENNALE SCULPTURE IN VAIKOM (Source : ETV Bharat Reporter)

വൈക്കം:വൈക്കം മുനിസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശിൽപം മറിഞ്ഞുവീണു. വൈക്കത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകം പകർന്നിരുന്ന ശിൽപമാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു വീണത്. കൊച്ചി ബിനാലെയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന പ്രശസ്‌ത ശിൽപി ജിജി സ്‌കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ മാതൃകയിലുള്ള ശിൽപമാണ് കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്.

ഇരുമ്പ് തൂണുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണി സ്‌റ്റെയിൻലെസ് സ്‌റ്റീലിലാണ് നിർമ്മിച്ചിട്ടുള്ളത്. മണിയിലെ സുഷിരങ്ങളിലൂടെ മോട്ടോറിൻ്റെ പ്രവർത്തനത്താൽ ജലപ്രവാഹം ഉണ്ടാകുന്ന ശിൽപം വളരെ ആകർഷകമായിരുന്നു. മോട്ടോറുകൾ കേടുവന്നതും സുഷിരങ്ങൾ അഴുക്ക് കയറി അടഞ്ഞതിനെയും തുടർന്ന് സുഷിരങ്ങളിലൂടെ വെള്ളം ഒഴുകുന്നത് മൂന്നുവർഷം മുമ്പ് നിലച്ചിരുന്നെങ്കിലും ശിൽപം ആകർഷകമായ കാഴ്‌ചയായിരുന്നു. ഇരുമ്പ് തൂണുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പ് വന്ന് കേടായതാണ് ശിൽപം കാറ്റിൽ മറിയുവാൻ കാരണമായത്.

കേരള ലളിതകലാ അക്കാദമിയും സാംസ്‌കാരിക വകുപ്പും നഗരസഭയും അടിയന്തരമായി ഇടപെട്ട് തകർന്നുവീണ ശിൽപം അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം കെ ഷിബു ആവശ്യപ്പെട്ടു. 2015 ൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം കെ ഷിബുവിൻ്റെ ശ്രമഫലമായാണ് ഈ ശിൽപം നഗരസഭയുടെ സഹകരണത്തോടെ വൈക്കം മുനിസിപ്പൽ പാർക്കിനോടനുബന്ധിച്ച് കായലിൽ സ്ഥാപിച്ചത്.

കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ കേരള ലളിതകലാ അക്കാദമിയും സാംസ്‌കാരിക വകുപ്പും നഗരസഭയും തയ്യാറാകാത്തതാണ് ശിൽപം മറിയാൻ കാരണമായത്. ശിൽപത്തിൻ്റെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും എം കെ ഷിബു പലതവണ നിവേദനം സമർപ്പിക്കുകയും വാർത്താമാധ്യമങ്ങൾ ശിൽപത്തിൻ്റെ അപകടാവസ്ഥ നിരവധിതവണ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്‌തിരുന്നു.

കേരള ലളിതകലാ അക്കാദമി ചെയർമാനും ശിൽപി ജിജി സ്‌കറിയയും വൈക്കത്ത് എത്തി ശിൽപത്തിൻ്റെ കേടുവന്ന തൂണുകൾ പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ ഡിസൈനും എട്ട് ലക്ഷം രൂപ ചെലവ് വരുന്ന എസ്‌റ്റിമേറ്റും തയ്യാറാക്കിയതുമായിരുന്നു. എന്നാൽ അക്കാദമിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം തൂണുകളുടെ പുനർനിർമാണം നടന്നില്ല.

Also Read :വനഭൂമി കയ്യേറി കോണ്‍ഗ്രസ് നേതാവിന്‍റെ ഫാം ഹൗസ്; പൊളിച്ചു നീക്കി അധികൃതര്‍

ABOUT THE AUTHOR

...view details