ബാർ കോഴ, എക്സൈസ് - ടൂറിസം മന്ത്രിമാർ രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് എം എം ഹസ്സൻ (ETV Bharat) തിരുവനന്തപുരം:ബാർ കോഴ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഇന്ന് ചേർന്ന യുഡിഎഫ് നേതൃത്വ യോഗത്തിന് ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എംഎം ഹസൻ മന്ത്രിമാരുടെ രാജിയും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടത്.
ബാർ കോഴ ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ കൃത്യമായ വിവരം പുറത്തു വരില്ല. ടൂറിസം മന്ത്രിയെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാർ മുതലാളിമാരുടെ അസോസിയേഷനിൽ ഇത്തരത്തിൽ ചർച്ച നടക്കില്ല. 130 ബാറുകൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിൽ പുതുതായി ലൈസൻസ് കൊടുത്തു.
യുഡിഎഫ് കാലത്ത് കെഎം മാണിയെ ബഡ്‌ജറ്റ് പോലും അവതരിപ്പിക്കാൻ സമ്മതിച്ചില്ല. അദ്ദേഹത്തെ വധിക്കാനുള്ള ശ്രമമാണ് നിയമസഭയിൽ നടന്നത്. എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈ ഡേ മാറ്റാൻ ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് ടൂറിസം മന്ത്രി. ഗൗരവമല്ലാത്ത കാര്യമാണെങ്കിൽ എക്സൈസ് മന്ത്രി അന്വേഷണം ആവശ്യപ്പെടേണ്ട കാര്യമില്ല. യുഡിഎഫ് ആവശ്യത്തോട് സർക്കാരിന്‍റെ പ്രതികരണം വന്നിട്ട് സമര പരിപാടികൾ തീരുമാനിക്കുമെന്നും എംഎം ഹസൻ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20ൽ 20 സീറ്റും നേടുമെന്നും ഇന്നത്തെ യുഡിഎഫ് നേതൃത്വ യോഗം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Also Read:ബാർ കോഴ വിവാദം കത്തവെ എക്‌സൈസ് മന്ത്രി വിദേശത്തേക്ക്; സന്ദര്‍ശനം ഒരാഴ്‌ചത്തേക്ക്