കോഴിക്കോട്: 17 കോടിയിലധികം വില വരുന്ന സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര വടകര ശാഖയിലെ മാനേജർ തമിഴ്‌നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധ ജയകുമാർ (34) ആണ് 26 കിലോയിലധികം തൂക്കം വരുന്ന സ്വർണവുമായി സ്ഥലം വിട്ടത്. വടകര ശാഖയിലെ റീ അപ്രൈസൽ നടപടിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പണയ സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ചാണ് ബാങ്ക് മാനേജർ സ്വർണം തട്ടിയെടുത്തത്. മധ ജയകുമാറിനെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ പുതുതായി ചാർജെടുത്ത മാനേജർ വി ഇർഷാദിന്‍റെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ബാങ്കിലെ മാനേജരാണ് തട്ടിപ്പ് നടത്തിയ മധ ജയകുമാർ. ജൂലൈയിൽ ഇയാൾക്ക് എറണാകുളത്തെ പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അയാൾ അവിടെ ചാർജെടുത്തിരുന്നില്ല. വടകരയിൽ പുതുതായി ചുമതലയേറ്റ മാനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
2024 ജൂൺ 13 മുതൽ ജൂലൈ ആറ് വരെയുള്ള കാലയളവിൽ ഇടപാടുകാർ ബാങ്കിൽ പണയം വെച്ച 42 അക്കൗണ്ടുകളിൽ നിന്നാണ് സ്വർണം നഷ്‌ടമായത്. ഇതോടെ, ഇടപാടുകാർ അന്വേഷണവുമായി രംഗത്തെത്തി. വടകര സിഐഎൻ സുനിൽ കുമാറിനാണ് അന്വേഷണ ചുമതല. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 409 പ്രകാരമാണ് കേസെടുത്തത്.
Also Read:കേരള പൊലീസിന്‍റെ മികവ് പരിശോധിക്കാൻ റോബിൻ ഹുഡ് മോഡൽ കവർച്ചാശ്രമം: യുവാവ് പിടിയിൽ