പത്തനംതിട്ട : സ്വന്തം ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വില്‍പന നടത്തിയ ഡ്രൈവർ കോയിപ്രം പൊലീസിന്‍റെ പിടിയിൽ. ഇയാളിൽ നിന്നും വിദേശ മദ്യവും വിൽപന നടത്തി കിട്ടിയ പണവും പിടികൂടി. മദ്യം വില്‍ക്കാന്‍ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോയിപ്രം കുറവൻകുഴി വള്ളിപ്പറമ്പിൽ വി ആർ സുതൻ (49) ആണ് അറസ്റ്റിലായത്. ഇന്നലെ സന്ധ്യയോടെ ആത്മാവുകവലക്ക് സമീപത്ത് ഓട്ടോ പാർക്ക് ചെയ്‌ത് ആളുകൾക്ക് മദ്യം ഒഴിച്ചു കൊടുത്തുകൊണ്ടിരിക്കേയാണ് ഇയാൾ പിടിയിലാകുന്നത്. മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു.
ഓട്ടോയുടെ പിന്നിലെ പ്ലാറ്റ്‌ഫോമിൽ നിന്നും വെള്ളക്കുപ്പിയും ഗ്ലാസും കണ്ടെടുത്തു. മൂന്ന് കുപ്പികളിൽ രണ്ടെണ്ണം സീറ്റിന് പിന്നിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ വില്‍പനക്കായി സൂക്ഷിച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പണം കൊടുത്ത് മദ്യം വാങ്ങിക്കുടിക്കാൻ എത്തിയതാണെന്ന് പിൻസീറ്റിലിരുന്നവരും വെളിപ്പെടുത്തി.
തുടർന്ന് സുതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്നും മദ്യക്കച്ചവടം നടത്തി കിട്ടിയ 3570 രൂപയും കണ്ടെടുത്തു. നടപടികൾ പൂർത്തിയാക്കിയ ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കോയിപ്രം എസ് ഐ മുഹ്സിൻ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ സുരേഷ് കുമാറിന്‍റെ നിർദേശ പ്രകാരമാണ് നടപടി.
Also Read :ഉൾവനത്തിൽ യുവതി കുഴഞ്ഞു വീണു മരിച്ചു; മൃതദേഹം 5 കിലോമീറ്റർ ചുമന്ന് പൊലീസ് പുറത്തെത്തിച്ചു - WOMAN COLLAPSED AND DIED IN FOREST