കണ്ണൂര്‍:മാങ്ങാട്ടിടം പഞ്ചായത്തിലെ വട്ടിപ്രം മേഖലയില്‍ ജനങ്ങള്‍ ഭീതിയില്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികള്‍ക്ക് സമീപമുള്ള വീട്ടുകാരെ പുനരധിവസിപ്പിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. മുന്നൂറോളം വീടുകളില്‍ വെള്ളം കയറിയതിനാല്‍ വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചു പോയി. പഞ്ചായത്തിലെ ക്വാറികള്‍ക്ക് സമീപവും അപകട ഭീഷണി തുടരുകയാണ്.
ക്വാറികള്‍ക്ക് സമീപമുളള പന്ത്രണ്ടിലേറെ വീട്ടുകാര്‍ വീടുമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ക്വാറികളില്‍ മഴവെളളം നിറഞ്ഞതിനാല്‍ മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീഴുന്നതും തുടരുകയാണ്. ക്വാറികളിലെ വെള്ളം വറ്റിക്കാനുളള ശ്രമവും തുടരുന്നുണ്ട്. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ക്വാറികളും ദുരിതബാധിത പ്രദേശങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സംഘം സന്ദര്‍ശിച്ചിരുന്നു.
ക്വാറികളില്‍ നിന്നെത്തുന്ന വെള്ളം മൂലം നാശനഷ്‌ടമുണ്ടായ വീടുകളിലെത്തി സംഘം വിവരശേഖരണം നടത്തി. കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്‍റെ നേതൃത്വത്തില്‍ കെഎസ്‌ഡിഎംഎ ഹസാഡ് ആന്‍റ് റിസ്‌ക്ക് അനലിസ്റ്റ് ജിഎസ് പ്രദീപ്, സീനിയര്‍ കണ്‍സള്‍ടെന്‍റ് ഡോ. എച്ച് വിജിത്ത് എന്നിവരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.
ഇവര്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ട് മൂന്നാഴ്‌ചക്കകം ജില്ലാ കലക്‌ടര്‍ക്ക് സമര്‍പ്പിക്കും. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് പിസി ഗംഗാധരന്‍ തലശ്ശേരി തഹസില്‍ദാര്‍ സി പി മണി, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ സി വി അഖിലേഷ്, വി രാജേഷ്, ഹസാഡ് അനലിസ്റ്റ് എസ് ഐശ്വര്യ, ഡിഎം- പ്ലാന്‍ കോഡിനേറ്റര്‍ തസ്ലീം ഫാസില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Also Read : വയനാട്ടിലെ കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക്; വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കലക്‌ടര്‍ - Schools Re Opening in Wayanad