മലപ്പുറം : തിരുട്ടു സംഘം മാതൃകയില്‍ മുഖംമൂടി ധരിച്ചെത്തി വീട്ടില്‍ കവര്‍ച്ചാശ്രമം. കല്‍പ്പകഞ്ചേരി ആതവനാട്ട് പ്രവാസി ബിസിനസുകാരനായ അബ്‌ദുറഹീമിൻ്റെ വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. അകത്ത് കയറാന്‍ സാധിക്കാതെ വന്നതോടെ സിസിടിവി കാമറകള്‍ തകര്‍ത്ത് മോഷ്‌ടാവ് മടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വെള്ളിയാഴ്‌ച (നവംബർ 29) രാത്രിയാണ് സംഭവം. അബ്‌ദുറഹീമിൻ്റെ വീട്ടിലെത്തിയ മോഷ്‌ടാവ് ഉയർന്ന ചുറ്റുമതിലും ഗേറ്റും ഉള്ളതിനാൽ മതിൽ ചാടിക്കടന്നു. എന്നാൽ വീടിനകത്ത് മോഷ്‌ടാവിന് കയറാനായില്ല. മുന്‍വശത്തെയും പുറകിലെയും വാതിലുകള്‍ തകര്‍ക്കാന്‍ കള്ളൻ ശ്രമിച്ചുവെങ്കിലും ആ ശ്രമം ഫലം കാണാതെ വന്നതോടെ സിസിടിവി കാമറകൾ തകർത്തു.
തിരുട്ടു സംഘം മാതൃകയില്‍ മോഷണത്തിനെത്തിയ കള്ളൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞപ്പോൾ. (ETV Bharat) ബിസിനസുകാരനായ അബ്‌ദുറഹീം കുടുംബസമേതം വിദേശത്താണ് താമസിക്കുന്നത്. ഇദ്ദേഹം രണ്ടാഴ്‌ച മുമ്പും കുടുംബം രണ്ട് മാസം മുമ്പും നാട്ടില്‍ വന്ന് മടങ്ങിയിരുന്നു. ശനിയാഴ്‌ച (നവംബർ 30) പുലര്‍ച്ചെ ഭാര്യ സിസിടിവി കാമറ വിദേശത്ത് നിന്ന് മൊബൈലിൽ പരിശോധിച്ചപ്പോഴാണ് കാമറയുടെ സ്ഥാനം മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സിസിടിവിയുടെ സ്ഥാനം തെറ്റിയ നിലയില്‍ കണ്ടതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.
അതോടെ മോഷ്‌ടാവ് വരുന്നത് മുതലുള്ള ദൃശ്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയുമായിരുന്നു. രണ്ട് മണിക്കൂറോളം മോഷ്‌ടാവ് ഇവരുടെ വീട്ടില്‍ ചെലവഴിച്ചുവെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്‌തമായി. കല്‍പ്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിരുട്ടു സംഘാംഗങ്ങള്‍ പല ഭാഗത്തും എത്തിയെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് മുഖംമൂടി ധരിച്ചെത്തിയുള്ള കവര്‍ച്ചാശ്രമം ഉണ്ടായിരിക്കുന്നത്.
Also Read:ടൂൾ എടുക്കാൻ രണ്ടാമതും എത്തി, മൊബൈൽ ടവറും വില്ലൻ ആയി; സംസ്ഥാനം കണ്ട ഏറ്റവും വലിയ മോഷണ കേസില്‍ പ്രതിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ