കേരളം

kerala

ETV Bharat / state

ദുരിതമയം കണ്ണൂരിലെ ട്രെയിന്‍ യാത്ര; ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു, സുരക്ഷയെന്നത് കടലാസിലൊതുങ്ങി - Train Attack In Kannur - TRAIN ATTACK IN KANNUR

തുടര്‍ക്കഥയായി കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന് നേരെയുള്ള ആക്രമണം. നടപടിയെടുക്കാതെ റെയിൽവേ.

INDIAN RAILWAY NEWS  KANNUR ALAPPUZHA EXECUTIVE EXPRESS  ട്രെയിനിലെ ആക്രമണങ്ങള്‍  കണ്ണൂർ ട്രെയിന്‍ ആക്രമണം
Rasheed, NMRPC Chairman (ETV Bharat)

By ETV Bharat Kerala Team

Published : Jul 24, 2024, 7:32 PM IST

റഷീദ് ഇടിവി ഭാരതിനോട്. (ETV Bharat)

കണ്ണൂർ: ഇടവേളയ്ക്ക് ശേഷം കണ്ണൂരിൽ ട്രെയിൻ യാത്ര വീണ്ടും ദുരിതമയമാകുന്നു. കഴിഞ്ഞ വർഷം 2 തവണയാണ് കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങുന്ന കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന് നേരെ തീവയ്‌പ്പുണ്ടായത്. പ്രതികളെ പിടിച്ചെങ്കിലും സുരക്ഷയൊരുക്കുമെന്ന റെയിൽവേയുടെ പ്രഖ്യാപനം പാഴ്‌വാക്കായി.

തുടർന്നുവന്ന മാസങ്ങളിൽ പല ട്രെയിനുകൾക്ക് നേരെ നിരവധി തവണയാണ് കല്ലേറുണ്ടായത്. ഇതിന് പിന്നാലെ ഡ്രോൺ ക്യാമറയിൽ നിരീക്ഷണം ശക്തമാക്കുമെന്നും കിലോമീറ്റർ പരിധിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും എന്നൊക്കെ പറഞ്ഞെങ്കിലും മഴക്കാലമായതോടെ വീണ്ടും റെയിൽവേ യാത്ര സുരക്ഷിതമല്ലാത്ത നിലയിലേക്കാണ് പോകുന്നത്.

നിരവധി തവണ സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടായ അതേ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) കഴിഞ്ഞ ദിവസം യാത്രക്കാരന് കുത്തേറ്റ സംഭവവും ഉണ്ടായി. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത ആളെയാണ് സഹയാത്രക്കാരന്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തിയത്. ജൂലൈ 19 വെള്ളിയാഴ്‌ച രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയിലായിരുന്നു സംഭവം.

ജനറല്‍ കോച്ചില്‍ ശല്യം ചെയ്‌ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടപ്പോൾ ഇയാള്‍ അനുസരിച്ചില്ല. മാറി നില്‍ക്കാന്‍ മറ്റൊരു യാത്രക്കാരനും പറഞ്ഞു. ഇതോടെ അക്രമി സ്‌ക്രൂഡ്രൈവര്‍ എടുത്ത് ഈ യാത്രക്കാരനെ കുത്തുകയായിരുന്നു. ട്രെയിൻ വടകര സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍പിഎഫ് അക്രമിയെ പിടികൂടി.

മദ്യലഹരിയിലായിരുന്നു അക്രമി. മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. മുമ്പ് തീവയ്‌പ്പ് നടന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഇപ്പോഴും സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്ന പരാതിയും ഉയര്‍ന്നുണ്ട്.

ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഞായറാഴ്‌ച (ജൂലൈ 21) പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ സഞ്ചരിച്ച പ്രത്യേക തീവണ്ടിക്ക് നേരെ കല്ലേറ് ഉണ്ടായത്. ഞായറാഴ്‌ച വൈകിട്ട് മൂന്നരയ്ക്ക് പാപ്പിനിശ്ശേരിക്കടുത്തായിരുന്നു സംഭവം. കല്ലേറിൽ വണ്ടിയുടെ ജനൽ ചില്ല് തകര്‍ന്നു.

പാലക്കാട് ഡിആര്‍എം അരുൺകുമാർ ചതുർവേദി മംഗളൂരുവിൽ നിന്ന് വരികയായിരുന്നു. സെൽഫ് പ്രോപ്പൽസ് ഇൻസ്‌പെക്ഷൻ (സ്‌കിപ്) വണ്ടിയിലായിരുന്നു യാത്ര. മംഗളൂരുവിലെ വിവിധ സോണുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ശേഷം പയ്യന്നൂരിൽ ഉൾപ്പെടെ വിവിധ സ്റ്റേഷനുകൾ പരിശോധന നടത്തിയ ശേഷം മടങ്ങുമ്പോഴാണ് കല്ലേർ ഉണ്ടായത്.

ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച് ഏറെ ഭീതി പരത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നതെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ട്രെയിനിൽ സുരക്ഷ ഇല്ലാതായിരിക്കുന്നുവെന്നും പാസഞ്ചേഴ്‌സ് ഫോറം ഭാരവാഹികൾ ആരോപിക്കുന്നു.

ഓരോ ആക്രമങ്ങൾ വരുമ്പോഴും സുരക്ഷ ഒരുക്കും എന്ന് പറയുന്നതല്ലാതെ പല സുരക്ഷാക്രമീകരണങ്ങളും പാഴ്വാക്ക് മാത്രമാണെന്നും ഡ്രോൺ ക്യാമറകൾ ശക്തമാക്കാൻ റെയിൽവേ തയ്യാറാവണമെന്നും ഇവർ പറയുന്നു.

സുരക്ഷ പാളിച്ച തുടർക്കഥ

2023 ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന് നേരെ എലത്തൂരിൽ തീവപ്പുണ്ടായത്. ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ ഡി-1 കോച്ചിന് പ്രതി തീവെക്കുകയായിരുന്നു. സംഭവത്തിൽ ഒരു കുഞ്ഞടക്കം മൂന്നുപേർക്ക് ജീവൻ നഷ്‌ടമാകുകയും ഒമ്പത് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. റെയിൽവേ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവെപ്പുകേസിൽ എൻഐഎ കുറ്റപത്രം സമർപ്പിക്കുകയും യുഎപിഎ ചുമത്തിയ കുറ്റപത്രത്തിൽ ഷാരൂഖ് സെയ്‌ഫി മാത്രമാണ് പ്രതി ആയുള്ളത്.

2023 ജൂൺ 1 ന്‌ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് കണ്ണൂരിൽ എത്തിയ ശേഷം
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്‍റെ മൂന്നാമത്തെ ജനറൽ കോച്ചാണ് 2023 ജൂൺ ഒന്നിന് പുലർച്ച ഒന്നരയോടെ കത്തി നശിച്ചത്. ഈ​ കോച്ചിന് തീയിട്ട ശേഷമാണ് പ്രതി തൊട്ടടുത്ത വനിതാ കോച്ചിൽ കയറിയത്. ഈ കോച്ചിലെ ശുചിമുറിയുടെ ചില്ലുകൾ തകർക്കുകയും ചെയ്‌തിരുന്നു. ഭിക്ഷാടനം പതിവാക്കിയ പ്രതിക്ക് ആ വഴിക്കുള്ള വരുമാനം കുറഞ്ഞതിലുള്ള മാനസിക വിഭ്രാന്തിയാണ് തീയിടാൻ കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.

2023 ഓഗസ്റ്റ് 13 കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസിന് നേരേ കല്ലേറുണ്ടായി. വൈകിട്ട് 3.49 ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിലെ സി എട്ട് കോച്ചിലെ ജനൽച്ചില്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ആർപിഎഫ് സംഘമെത്തി പരിശോധന നടത്തി, അന്വേഷണം നടത്തി. ഓഗസ്റ്റ് 14 തിങ്കളാഴ്‌ച ഉച്ചയ്ക്ക് തുരന്തോ എക്‌സ്‌പ്രസിന് നേരേയാണ് കല്ലേറുണ്ടായത്.

പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലായിരുന്നു ഈ സംഭവം. ഓഗസ്റ്റ് 13 ഞായറാഴ്‌ച രാത്രി മൂന്ന് ട്രെയിനുകൾക്ക് നേരേ കല്ലേറുണ്ടായി. ഞായറാഴ്‌ച രാത്രി തിരുവനന്തപുരം-മുംബൈ എൽടിടി നേത്രാവതി എക്‌സ്‌പ്രസിന്‍റെ എസി കോച്ചിന് നേരേ കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് ആക്രമണമുണ്ടായത്. കല്ലേറിൽ കോച്ചിലെ ജനൽച്ചില്ല് തകർന്നു.

മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിന് നേരേയും അതേദിവസം കല്ലേറുണ്ടായി. കണ്ണൂരിനും കണ്ണൂർ സൗത്ത് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. കാസർകോട് നീലശ്വേരത്തിനടുത്ത് ഓഖ-എറണാകുളം എക്‌സ്‌പ്രസിന് നേരേ കല്ലേറുണ്ടായതും അതേ ഞായറാഴ്‌ചയായിരുന്നു.

ALSO READ:കെഎസ്ആര്‍ടിസി ഇനി വഴിയില്‍ കിടക്കില്ല; ബ്രേക്ക്ഡൗണ്‍ ഉടനടി പരിഹരിക്കാന്‍ റാപ്പിഡ് റിപ്പയര്‍ ടീം തയ്യാർ

ABOUT THE AUTHOR

...view details