കണ്ണൂർ :അയ്യൻകുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് വനമേഖലയിൽ മാസങ്ങൾക്ക് മുൻപ് പൊലീസിലെ മാവോവാദി വിരുദ്ധ സേനയും മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലാണ് കബനി ദളത്തിന്‍റെ ശക്തി ക്ഷയത്തിനിടയാക്കിയത്. നേരിട്ടുള്ള ഏറ്റുമുട്ടൽ ആയിരുന്നെന്ന് അന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ആളപായത്തെ പറ്റി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഏറ്റുമുട്ടൽ നടന്ന് 45 ദിവസത്തിന് ശേഷം മാവോവാദികളിൽ നിന്ന് തന്നെ ഇതിന് സ്ഥിരീകരണം വന്നു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ കവിത എന്ന മാവോവാദി രക്തസാക്ഷിത്വം വരിച്ചതായി മാവോവാദികളുടെ പേരിൽ വയനാട് മേഖലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഏറെ കാലമായി പൊലീസിനെ വെള്ളം കുടിപ്പിച്ച മാവോവാദി ഗ്രൂപ്പിനെതിരെ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് അവസാനത്തിൽ എത്തി നിൽക്കുന്നത്.
കബനി ദളം മാവോവാദി ഗ്രൂപ്പിന്‍റെ ദക്ഷിണ മേഖല കമാൻഡർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപി മൊയ്‌തീന്‍റെ അറസ്റ്റോടെ കബനി ദളത്തിന്‍റെ ചിറകാരിയാൻ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് പൊലീസിലെ ഭീകരത വിരുദ്ധ സ്ക്വാഡ് (എടിഎസ്). ആലപ്പുഴയിൽ നിന്നാണ് വ്യാഴാഴ്‌ച രാത്രി സിപി മൊയ്‌തീൻ എടിഎസിന്‍റെ പിടിയിലാകുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി അംഗമാണ് മൊയ്‌തീന്‍. കേരളത്തിന്‍റെ ചുമതലയുള്ള മാവോവാദി നേതാവ് കൂടിയാണ് മൊയ്‌തീന്‍.
കണ്ണൂർ ജില്ലയിലെ അമ്പായത്തോട് ജങ്ഷനിൽ മൊയ്‌തീൻ ഉൾപ്പെടെ നാലുപേർ തോക്കുമായി എത്തി, നിരോധിത സംഘടനയുടെ പ്രവർത്തനം നടത്തിയ കേസിലാണ് അറസ്റ്റ്. വയനാട് പേര്യ, മക്കിമല, കണ്ണൂർ, കൊട്ടിയൂർ, ആറളം വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളത്തിന്‍റെ കമാൻഡർ ആണ് മൊയ്തീൻ.
മക്കിമലയിൽ ബോംബ് കുഴിച്ചിട്ടത് ഇയാളുടെ നേതൃത്വത്തിലാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കാടിറങ്ങിയ മൊയ്‌തീൻ ഉൾപ്പെട്ട മാവോവാദി സംഘത്തിലെ മൂന്ന് പേരെയും പിടിക്കാൻ എടിഎസിന് കഴിഞ്ഞു എന്നതാണ് കബനി ദളത്തെ പൂട്ടി എന്നതിൽ എ ടി എസിന് പ്രതീക്ഷ നൽകുന്ന ഘടകം.
സംഘത്തിലെ മനോജിനെ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും സോമനെ ഷൊർണൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. കണ്ണൂർ വയനാട് ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിൽ അവശേഷിക്കുന്നത് തമിഴ്‌നാട് സ്വദേശിയായ സന്തോഷ് മാത്രമാണ്. ഇയാൾ കർണാടകത്തിലേക്ക് കടന്നിരിക്കാം എന്നാണ് നിഗമനം.
മൊയ്‌തീനെതിരെ കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കോഴിക്കോട് റൂറൽ പൊലീസ് സ്റ്റേഷനിലും ഒരു ഡസനിലധികം യുഎപിഎ കേസുകളുണ്ട്. 2019 വയനാട്ടിലെ ലക്കിടി റിസോർട്ടിൽ പൊലീസുമായി ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട സിപി ജലീലിന്‍റെ മരണത്തോടെയാണ് മൊയ്‌തീൻ കബനി ദളം എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കി പ്രവർത്തനം ശക്തമാക്കിയത്. മൊയ്‌ദീന്‍റെ സഹോദരൻ ആണ് ജലീൽ.