പാനിപ്പത്ത്: യുദ്ധങ്ങള്‍ മൂലം പേര് കേട്ട ഹരിയാനയിലെ ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് കഴിഞ്ഞ ദിവസം ഒരു നാലാം പാനിപ്പത്ത് യുദ്ധത്തിനും വേദിയായി. വിവാഹ വസ്‌ത്രത്തെയും വ്യാജ ആഭരണങ്ങളെയും ചൊല്ലി വധൂവരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ കലഹിച്ചപ്പോഴാണ് ഒരു വിവാഹ വേദി രണഭൂമിയായി മാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കൂട്ടത്തിലൊരാള്‍ ഉറയില്‍ നിന്ന് വാള് വലിച്ചൂരിയെടുത്ത സംഭവം പോലും ഉണ്ടായി. ഒടുവില്‍ വിവാഹം റദ്ദാക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.
സന്തോഷകരമായി പര്യവസാനിക്കേണ്ടിയിരുന്ന ഒരു ചടങ്ങ് ഒടുവില്‍ പൊലീസെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. ഈ മാസം 23നാണ് സംഭവം നടന്നത്. അമൃത്സറില്‍ നിന്നുള്ള യുവാവായിരുന്നു വരന്‍. വരനും കൂട്ടരും വവാഹത്തിനെത്തിയ ശേഷം വധുവിന്‍റെ കുടുംബക്കാര്‍ വരന്‍റെ കുടുംബം വാങ്ങിയ ലെഹങ്ക കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വരന്‍റെ കൂട്ടര്‍ കൊണ്ടു വന്ന ലെഹങ്ക ഇഷ്‌ടമാകാത്തതിനെ തുടര്‍ന്ന് തങ്ങള്‍ ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കില്‍ നിന്ന് വാങ്ങിയ നാല്‍പ്പതിനായിരം രൂപയുടെ ലെഹങ്ക തന്നെ വധു ധരിക്കുമന്ന് അവര്‍ നിലപാടെടുത്തു. പെണ്‍കുട്ടിക്കായി വരന്‍റെ വീട്ടുകാര്‍ കൊണ്ടുവന്ന ആഭരണങ്ങളും വ്യാജമാണെന്ന ആരോപണം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉയര്‍ത്തി. എന്നാല്‍ ഇത് വരന്‍റെ വീട്ടുകാര്‍ നിഷേധിച്ചു. ഏതായാലും വസ്‌ത്രത്തെയും ആഭരണത്തെയും ചൊല്ലി വിവാദം കൊഴുത്തതോടെ ആരോ പൊലീസിനെ വിളിച്ചു. പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണമാക്കിയെങ്കിലും വിവാഹം വേണ്ടെന്ന് വച്ചു. പാനിപ്പത്തിലെ മോഡല്‍ ടൗണിലുള്ള ഭാട്ടിയ കോളനിയിലായിരുന്നു സംഭവം.
രണ്ട് വര്‍ഷം കഴിഞ്ഞ് മതി വിവാഹമെന്നായിരുന്നു തങ്ങളുടെ നിലപാടെന്ന് വരന്‍റെ സഹോദരന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍ വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. വിവാഹ വേദി ബുക്ക് ചെയ്യാനായി തങ്ങള്‍ വധുവിന്‍റ വീട്ടുകാര്‍ക്ക് പതിനായിരം രൂപ നല്‍കി. ആദ്യം വധുവിന്‍റെ വീട്ടുകാര്‍ 20000 രൂപയുടെ ലെഹങ്ക മതിയെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് വിലക്കൂടിയത് തെരഞ്ഞെടുത്തത്. തങ്ങള്‍ അടുത്തിടെയാണ് പുതിയ ഒരു വീട് പണിതത്. അതിനായി വായ്‌പ എടുക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ തങ്ങള്‍ക്ക് താങ്ങാനാകുന്ന വിധത്തിലുള്ള സാധനങ്ങളാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്ന് അഞ്ച് സ്വര്‍ണാഭരണങ്ങളും ലഹങ്കയും വാങ്ങണമെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മൂമ്മ തങ്ങളോട് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം ഇടിവിയോട് പറഞ്ഞു. അതനുസരിച്ച് തങ്ങള്‍ വാങ്ങി. എന്നാല്‍ ഇത് പഴയതാണെന്ന് അമ്മൂമ്മ ആരോപണം ഉയര്‍ത്തിയെന്നും അയാള്‍ പറഞ്ഞു. യാത്രാ ചെലവുകള്‍ക്കടക്കം 35000 രൂപ തങ്ങള്‍ക്ക് ചെലവായെന്നും അയാള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് മരിച്ച് പോയശേഷം താന്‍ കൂലിപ്പണിയെടുത്താണ് മകളെ വളര്‍ത്തിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തന്‍റെ ഇളയ മകളുടെ വിവാഹം 2024 ഒക്‌ടോബര്‍ 25ന് അമൃത്സറില്‍ വച്ച് നിശ്ചയിച്ചു. മൂത്തമകളുടെ വിവാഹം വേറൊരിടത്ത് വച്ചും നിശ്ചയിച്ചു. രണ്ട് വിവാഹങ്ങളും ഒന്നിച്ച് നടത്താനായിരുന്നു ഉദ്ദേശ്യം. ബന്ധം ഉറപ്പിച്ചതോടെ വരന്‍റെ വീട്ടുകാര്‍ വിവാഹത്തിനായി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്ന് ഈ മാസം 23ന് വിവാഹം നിശ്ചയിച്ചു. വിവാഹസംഘം എത്തിയപ്പോള്‍ അവര്‍ പെണ്‍കുട്ടിയ്ക്കായി ഒരു പഴയ ലെഹങ്കയാണ് കൊണ്ടുവന്നത്. ആഭരണങ്ങളും വ്യാജമായിരുന്നു. പൂമാല പോലും കൊണ്ടു വന്നിരുന്നില്ല. അവര്‍ക്ക് മാലയിടുന്ന ചടങ്ങ് ഇല്ലെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് അവര്‍ വാള് പോലും എടുത്ത് തങ്ങളെ അടിക്കാന്‍ വരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ചാന്ദ്‌നി ചൗക്കില്‍ നിന്ന് ലെഹങ്ക വാങ്ങാനായി തന്‍റെ പക്കല്‍ നിന്ന് വരന്‍റെ വീട്ടുകാര്‍ 13000 രൂപ നേരത്തെ വാങ്ങിയെന്നും വധുവിന്‍റെ അമ്മ വെളിപ്പെടുത്തി. ഇതിനെല്ലാം പുറമെ തങ്ങള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് അവര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങള്‍ ആരോടും ഒരു പൈസയും ചോദിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വിവാഹത്തിന് മുന്‍പ് ഇങ്ങനെയാണെങ്കില്‍ വിവാഹം കഴിഞ്ഞ് തങ്ങളുടെ കുട്ടി എങ്ങനെ ഇവര്‍ക്കൊപ്പം ജീവിക്കുമെന്നും അവര്‍ ചോദിക്കുന്നു.
തങ്ങളെ ആരോ ഫോണില്‍ വിളിച്ച് ഇതുപോലെ സംഘര്‍ഷം നടക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോള്‍ കയ്യില്‍ ആയുധമേന്തി നില്‍ക്കുന്നവരെയാണ് കണ്ടതെന്നും പൊലീസ് പറഞ്ഞു. വിവാഹം ഒടുവില്‍ വേണ്ടെന്ന് വച്ചു. രണ്ട് ഭാഗത്തിന്‍റെയും പരാതി തങ്ങള്‍ കേട്ടു. ഇരു കൂട്ടരെയും ആശ്വസിപ്പിച്ചു. അതാത് പൊലീസ് സ്റ്റേഷനുകളിലും കാര്യം അറിയിച്ചിട്ടുണ്ട്. ഇനിയും ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും പൊലീസ് പറഞ്ഞു.
Also Read: 28 ദമ്പതികളുടെ സമൂഹ വിവാഹം ആസൂത്രണം ചെയ്‌ത ശേഷം 'ഒളിച്ചോടി' സംഘാടകര്‍; വിവാഹം നടത്തി പൊലീസ്