കേരളം

kerala

ETV Bharat / state

ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും; നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം, സമ്മേളനം 9 ദിവസം നീളും - ASSEMBLY SESSION STARTS TOMORROW - ASSEMBLY SESSION STARTS TOMORROW

നിയമസഭ സമ്മേളനത്തിന് നാളെ തുടക്കമാകും. സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം. നാളെ അടിയന്തര പ്രമേയം അടക്കമുള്ള മറ്റ് നടപടികൾ ഉണ്ടാകില്ല. ഇത്തവണ നിയമസഭ സമ്മേളിക്കുക 9 ദിവസം.

നിയമസഭ സമ്മേളനം നാളെ തുടങ്ങും  KERALA LEGISLATIVE ASSEMBLY  സ്‌പീക്കര്‍ എഎന്‍ ഷംസീര്‍  KERALA ASSEMBLY SESSION
AN Shamseer (Speaker) (ETV Bharat)

By ETV Bharat Kerala Team

Published : Oct 3, 2024, 8:58 PM IST

Updated : Oct 3, 2024, 9:21 PM IST

തിരുവനന്തപുരം: സഭയ്ക്ക് പുറത്തുയര്‍ത്തിയ ആരോപണങ്ങളുടെ ഊര്‍ജവുമായി പ്രതിപക്ഷവും പ്രതിരോധിക്കാന്‍ ഭരണ പക്ഷവും രംഗത്തിറങ്ങുന്നതോടെ നാളെ (ഒക്ടോബര്‍ 4) ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ തീയും പുകയും ഉയരുമെന്നുറപ്പായി. തൃശൂര്‍ പൂരം ബിജെപിക്കുവേണ്ടി എഡിജിപി എംആര്‍ അജിത് കുമാറിനെ ഉപയോഗിച്ചു കലക്കിയെന്ന ഗുരുതര ആരോപണത്തിൻ്റെ നിഴലിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും.

ഇക്കാര്യത്തില്‍ എല്‍ഡിഎഫിലെ രണ്ടാമത്തെ ഘടക കക്ഷിയായ സിപിഐ പോലും മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും നിലപാടിനോട് പരസ്യ വിയോജിപ്പുയര്‍ത്തിയത് പ്രതിപക്ഷ നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. സഭയില്‍ സിപിഐ എന്ത് നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുവെന്നതും കൗതുകകരമായിരിക്കും.

സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ മാധ്യമങ്ങളോട് (ETV Bharat)

മാത്രമല്ല, സംസ്ഥാനത്തിൻ്റെ ക്രമസമാധാന പാലനത്തിൻ്റെ ചുമതലയുള്ള എഡിജിപി ആര്‍എസ്എസിൻ്റെ അഖിലേന്ത്യ നേതാക്കളെ കണ്ടുവെന്ന ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിലും ഇതുവച്ച് നിയമസഭയില്‍ മുഖ്യമന്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര ഏജന്‍സികളുടെ കേസുകളില്‍ നിന്ന് സംരക്ഷണം തേടി മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് എഡിജിപി ഇടപെട്ട് പൂരം കലക്കിയതെന്നും അങ്ങനെ ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്‌ടിച്ച് തൃശൂര്‍ സീറ്റ് വിജയിക്കാനുള്ള സാഹചര്യമൊരുക്കിയെന്നുമുള്ള ആരോപണം പ്രതിപക്ഷം ഇപ്പോഴും ചൂടോടെ നിലനിര്‍ത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിനെ സഭയ്ക്കുള്ളില്‍ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്കും ഭരണ പക്ഷത്തിനും നന്നേ പരിശ്രമിക്കേണ്ടി വരും. മാത്രമല്ല, ഭരണ കക്ഷി നിരയില്‍ 99 പേരുണ്ടായിരുന്നത് 98 ആയി കുറയുന്നുവെന്ന തിരച്ചടിയും ഭരണപക്ഷം ഈ സമ്മേളനത്തില്‍ അഭിമുഖീകരിക്കാന്‍ പോകുകയാണ്. ഭരണപക്ഷ നിരയിലെ പുലിക്കുട്ടിയായിരുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അപ്രതീക്ഷിതമായി ഭരണപക്ഷത്തോട് വിടപറഞ്ഞതും സിപിഎമ്മിന് തിരിച്ചടിയാണ്. ഇതോടെ ഈ സര്‍ക്കാരിൻ്റെ കാലാവധി പൂര്‍ത്തിയാകും മുമ്പ് ഭരണപക്ഷ അംഗ സംഖ്യ 100 എന്ന മാജിക് നമ്പര്‍ സ്വപ്‌നം കണ്ടിരുന്ന ഭരണപക്ഷത്തെ സംബന്ധിച്ച് ഇത് ഒരിക്കലും സാക്ഷാത്കരിക്കാത്ത ഒരു സ്വപ്‌നമായിമാറി.

സമ്മേളനം ആരംഭിക്കുന്ന ഒക്ടോബര്‍ 4ന് മറ്റ് നടപടികളില്ല. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് നിയമസഭ പിരിയും. തിങ്കളാഴ്‌ച മുതലാകും നിയമസഭ രൗദ്രഭാവത്തിലേക്കു കടക്കുക. ഇത്തവണ ആകെ 9 ദിവസമായിരിക്കും നിയമസഭ സമ്മേളിക്കുക. ഈ സമ്മേളന കാലയളവില്‍ 6 ബില്ലുകള്‍ സഭ പരിഗണിക്കും.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍, 2023ലെ കേരള കന്നുകാലി പ്രജനന ബില്‍, കേരള പിഎസ്‌സി ഭേദഗതി ബില്‍, കേരള ജനറല്‍ സെയില്‍ ടാക്‌സ് ഭേദഗതി ബില്‍, പ്രവാസി കേരളീയരുടെ ക്ഷേമനിധി ബില്‍, പേയ്‌മെൻ്റ് ഓഫ് സാലറിസ് ആന്‍ഡ് അലവന്‍സ് ഭേദഗതി ബില്‍ എന്നീ ബില്ലുകളാണ് ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്നതെന്ന് നിയമസഭ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു.

അന്‍വറിന് എവിടെ ഇരിപ്പിടമൊരുക്കുമെന്ന ചോദ്യത്തിന് തറയിലിരിക്കേണ്ടി വരില്ലെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. എല്‍ഡിഎഫില്‍ നിന്ന് മാറിയതായി അന്‍വറോ എല്‍ഡിഎഫില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മോ സ്‌പീക്കറെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ സ്‌പീക്കറുടെ ഈ പ്രസ്‌താവനയ്ക്ക് പിന്നാലെ അന്‍വറിനെ എല്‍ഡിഎഫ് നിരയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം നിയമസഭ കക്ഷി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടിപി രാമകൃഷ്‌ണന്‍ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി.

Also Read:'പൂരം കലക്കലില്‍ ത്രിതല അന്വേഷണം'; എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി

Last Updated : Oct 3, 2024, 9:21 PM IST

ABOUT THE AUTHOR

...view details