കേരളം

kerala

ETV Bharat / state

പാലക്കാട് അങ്കത്തട്ടില്‍ ആരൊക്കെ?; മൂന്ന് മുന്നണികളിലും ഭൈമീകാമുകര്‍ ഏറെ

മുതിര്‍ന്നവരും ചെറുപ്പക്കാരുമായി മൂന്ന് മുന്നണികളിലും ഭൈമീകാമുകര്‍ ഏറെയുണ്ട് രംഗത്ത്. ആര്‍ക്കാകും നറുക്ക് വീഴുക. കാത്തിരിപ്പിന് വിരാമമാകുന്നു.

By ETV Bharat Kerala Team

Published : Oct 15, 2024, 4:21 PM IST

kerala legislative assembly  interim election  bjp  congress
Representative image (ETV Bharat File)

തിരുവനന്തപുരം: ഷാഫി പറമ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ എംഎല്‍എ സ്ഥാനം രാജി വച്ചതിനാലാണ് പാലക്കാട് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്ലാ കക്ഷികളില്‍ നിന്നും ധാരാളം സ്ഥാനാര്‍ഥി മോഹികള്‍ രംഗത്തുണ്ടെങ്കിലും ഇനിയും വ്യക്തമായ ചിത്രം ആരും പങ്കുവച്ചിട്ടില്ല. മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ എല്ലാ മുന്നണികളും ഏറെ കരുതലോടെയാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്.

കുറച്ച് കാലമായി സംസ്ഥാനത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി മത്സരമാണ് നമുക്ക് കാണാനാകുന്നത്. ഷാഫി പറമ്പില്‍ തുടര്‍ച്ചയായി നേടിയ ഹാട്രിക് വിജയത്തെ കൂടുതല്‍ തിളക്കത്തോടെ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഇക്കുറി ഫലം മറിച്ചാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ബിജെപിയും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുപ്പ് തീയതികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വന്നാലുടന്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു രാഷ്‌ട്രീയ വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന. ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

പാലക്കാടുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പൻ എന്നിവരോടും ചേലക്കരയുടെ ചർച്ചയ്ക്കായി തൃശൂരിൽ നിന്നുള്ള ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ, എം.പി.വിൻസന്‍റ്, അനിൽ അക്കര എന്നിവരോടും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്താൻ സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. ജില്ലയിലെ പ്രധാന നേതാക്കളുടെ അഭിപ്രായമാരാഞ്ഞ ശേഷമായിരിക്കും തീരുമാനം എന്നാണ് സൂചന.

സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി കഴിയും വേഗം ഹൈക്കമാൻഡിനു കൈമാറാനാണു കോണ്‍ഗ്രസ് പാളയത്തിലെ ശ്രമം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾതന്നെ സ്ഥാനാർഥികളെ അവതരിപ്പിക്കുക എന്ന സമീപകാല രീതി ഇരു മണ്ഡലങ്ങളിലും തുടരണമെന്ന തീരുമാനത്തോടെയാണു മുന്നോട്ടുപോകുന്നതെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് ആദ്യം ചർച്ചയിലെത്തിയതെങ്കിലും പാലക്കാട്ട് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം, കെപിസിസി സോഷ്യൽ മീഡിയ കൺവീനർ ഡോ.പി.സരിൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കെ.മുരളീധരനെ പാലക്കാട്ടിറക്കണമെന്ന ആവശ്യവും ഒരുവിഭാഗം ഉന്നയിക്കുന്നു.

സിപിഎം പൊതുസമ്മതരെയാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോൾക്കാണു മുൻതൂക്കം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ്, ജില്ലാ കമ്മിറ്റിയംഗം ടി.കെ.നൗഷാദ്, ജില്ലാ കമ്മിറ്റിയംഗം നിതിന്‍ കണിച്ചേരി എന്നിവരുടെ പേരുകളും സംസ്ഥാന കമ്മിറ്റിക്കു ജില്ലാ കമ്മിറ്റി നൽകിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുസ്ഥാനാർഥികളെ തീരുമാനിച്ചു കഴിഞ്ഞെന്നും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ ഇക്കാര്യം അറിയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു.

പാലക്കാട്ടെ സ്ഥാനാർഥിയെക്കുറിച്ച് ബിജെപി നടത്തിയ സർവേയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്‌ണകുമാർ ഒന്നാമതെത്തി. ശോഭ സുരേന്ദ്രൻ രണ്ടാമതും. പാർട്ടി പ്രതീക്ഷപുലർത്തുന്ന മണ്ഡലത്തിൽ ഇരുവരെയും മറികടന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Also Read;തെരഞ്ഞെടുപ്പിന് സജ്ജമായി പാലക്കാട്; മാവോയിസ്റ്റ് സാന്നിധ്യമുള്ള 58 ബൂത്തുകൾ

ABOUT THE AUTHOR

...view details