കേരളം

kerala

'നേരിടാം ചിരിയോടെ'; ആസിഫ് അലിയുടെ 'ചിരി'യെടുത്ത് പൊലീസ് ഹെൽപ് ഡെസ്‌ക് - kerala police chiri help desk

By ETV Bharat Kerala Team

Published : Jul 17, 2024, 7:13 PM IST

കുട്ടികൾക്കായുള്ള കേരള പൊലീസിന്‍റെ ഹെൽപ് ഡെസ്‌ക് പദ്ധതി 'ചിരി'യ്‌ക്ക് നടൻ ആസിഫ് അലിയുടെ ചിരി ഉപയോഗപ്പെടുത്തി.

POLICE HELP DESK FOR CHILDREN  പൊലീസ് ഹെൽപ്പ് ഡെസ്‌ക് ചിരി  ASIF ALI SMILE USED BY POLICE  ASIF ALI RAMESH NARAYAN CONTROVERSY
Actor Asif Ali (ETV Bharat)

കേരള പൊലീസ് പിആർഒ വി പി പ്രമോദ് ഇടിവി ഭാരതിനോട് (ETV Bharat)

തിരുവനന്തപുരം:കുഞ്ഞു മനസുകൾക്ക് ആശ്വാസം പകരുന്ന പൊലീസിന്‍റെ 'ചിരി' പദ്ധതിക്ക് നടൻ ആസിഫ് അലിയുടെ 'ചിരി'യെടുത്ത് കേരള പൊലീസ്. കൊച്ചിയിലെ അവാർഡ് ദാന ചടങ്ങിനിടെ ഉണ്ടായ വിഷയങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലിക്ക് ദൂരവ്യാപകമായ പിന്തുണ ലഭിച്ചിരുന്നു. ഇതാണ് കേരള പൊലീസ് ഉപയോഗപ്പെടുത്തിയത്. ഇതേ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിക്കുകയാണ് കേരള പൊലീസ് പിആർഒ വി പി പ്രമോദ്.

കുട്ടികൾക്കായുള്ള ഒരു ഹെൽപ് ഡെസ്‌ക്കാണ് 'ചിരി'. കുട്ടികളുടെ ആശങ്കകൾക്ക് കാതോർ‍ക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഈ പദ്ധതിയുടെ തുടക്കം. 2020ൽ ലോ‍ക്ക്‌ഡൗൺ കാലത്ത് തുടങ്ങിയ 'ചിരി' ഹെൽപ് ഡെസ്‌ക്കിൽ 10,002 കുട്ടികൾ വിളിച്ചത് പല പ്രശ്‌‍നങ്ങളും പങ്കുവയ്‌ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾ‍ക്കായാണ് വിളിച്ചത്. ഓൺലൈൻ പഠനം പോ‍ര, സ്‌കൂ‍ളിൽ പോയി കൂട്ടുകാരെ കാണണം, കൊവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കു‍ന്നതിന്‍റെ സങ്കടം....ചിരിയിലേക്ക് വിളിച്ച കുട്ടികളുടെ പരാതി ലിസ്റ്റ് ഇങ്ങനെ നീളുന്നു.

'നേരിടാം ചിരിയോടെ' (ETV Bharat)

11നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെട്ടത്. 11ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളും വിളിച്ചു. മുതിർന്നവർ നിസാരമായി കാണുന്ന പല കാര്യങ്ങളും കുട്ടികളുടെ മന‍സിനെ വലിയ രീതിയിൽ ഉല‍യ്‌ക്കും എന്നത് കാണാതെ പോകാൻ കഴിയില്ലെന്നതി‍നാലാണ് കേരള പൊലീസ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്.

ഹെൽപ് ഡെസ്‌ക്കിന്‍റെ 9497900200 എന്ന നമ്പറിൽ കുട്ടികൾക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോൾ വേണമെങ്കിലും പങ്കു‍വയ്‌ക്കാം. കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ കുറയ്‌ക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ചിരി ഹെൽപ് ഡ‍െസ്‌കിൽ വിളിക്കാറുണ്ട്. ചിരി ഹെൽപ്‌ലൈൻ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലും 20 പേരടങ്ങിയ മെന്‍റർ ടീം പ്രവർത്തിക്കുന്നുണ്ട്. മനഃശാ‍സ്‌ത്രജ്ഞർ, പരിശീലനം ലഭിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് അംഗങ്ങൾ തുടങ്ങിയവരാണ് ഫോണിലൂടെ കുട്ടികൾക്ക് ആശ്വാസം പകരുന്നത്.

ഹെൽപ് ലൈനിൽ ലഭിക്കുന്ന കോളുകൾ തരം തിരിച്ച് അതതു ജില്ലകളിലേക്ക് കൈമാറും. ഇവർ കുട്ടികളെ വിളിച്ച് സൗഹൃദ സംഭാഷണം അല്ലെങ്കിൽ കൗൺസലിങ് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനം. പരിഹാരമായി കൗൺസലിങ് നൽകുകയോ അടിയന്തര സഹായം ആവശ്യമുള്ള‍തെങ്കിൽ സമീപത്തെ ‍പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ ചെയ്യും. കൊവിഡ് കാലം ഒഴിഞ്ഞിട്ടും ചിരി പദ്ധതി പൊലീസ് തുടരുകയാണ്. അതിലാണ് ആസിഫ് അലിയുടെ ചിരി പൊലീസ് 'കട' മെടുത്തത്.

നേരത്തെ ക്രിക്കറ്റിലെ ഒരു ടൈംഔട്ട് വിവാദം ഡൽഹി പൊലീസ് അവരുടെ പരസ്യത്തിനായി ഉപയോഗിച്ചിരുന്നു. ശ്രീലങ്കയുടെ സദീര സമരവിക്രമയെ പുറത്താക്കിയതിനെ തുടർന്ന്, നിശ്ചിത രണ്ട് മിനിറ്റ് നിയമത്തിനുള്ളിൽ അടുത്ത പന്ത് നേരിടാൻ ലങ്കയുടെ ഏഞ്ചലോ മാത്യൂസ് എത്താതിരുന്നപ്പോൾ, ബംഗ്ലാദേശ് നായകൻ ഷാക്കിബിൻ്റെ അപ്പീലിൽ മാത്യൂസിനെ ഓൺ-ഫീൽഡ് അമ്പയർമാർ പുറത്താക്കിയിരുന്നു.

ഡൽഹി പൊലീസിന്‍റെ പരസ്യം (ETV Bharat)

താടിയിൽ മുറുക്കുമ്പോൾ തൻ്റെ ഹെൽമെറ്റ് സ്‌ട്രാപ്പ് പൊട്ടിയതുകൊണ്ട് പകരം ഹെൽമെറ്റിന് വേണ്ടി കാത്തിരുന്നതാണ് വൈകാൻ കാരമെന്നതായിരുന്നു മാത്യൂസിന്‍റെ വാദം. ഇത് ഒരു നല്ല ഹെൽമെറ്റ് നിങ്ങളുടെ ജീവിതത്തെ ടൈം ഔട്ടിൽ നിന്ന് സംരക്ഷിക്കും എന്ന രീതിയിൽ ഡൽഹി പൊലീസ് സുരക്ഷ വാചകമായി ഉപയോഗിക്കുകയായിരുന്നു.

ALSO READ:'പിന്തുണ വിദ്വേഷ പ്രചാരണമാകരുത്'; വിവാദത്തിനുശേഷം പൊതുവേദിയില്‍ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി

ABOUT THE AUTHOR

...view details