കേരളം

kerala

ETV Bharat / state

കുന്നോളം സ്വപ്‌നവുമായി അറബിനാട്ടിലേക്ക്, നേരിട്ടത് കൊടുംക്രൂരതകളും ദുരിതവും; ഇത് അശോകന്‍റെ 'ആടുജീവിതം' - Ashokan s Goat Life - ASHOKAN S GOAT LIFE

ആടുജീവിതം നോവലിലെ നജീബിനെ പോലെ ഗൾഫ് രാജ്യത്ത് ദുരിതമനുഭവിച്ച വ്യക്തിയാണ് അശോകനും. ഒരുപാട് സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി ദുരിതക്കടലില്‍ താഴ്ന്ന് അവസാനം തിരികെ കേരള മണ്ണില്‍ എത്തിയ വ്യക്തിയാണ് അശോകൻ.

GOAT LIFE  KASARAGOD  GULF COUNTRIES  MIGRATE TO GULF COUNTRIES
അശോകന്‍റെ ആടുജീവിതം

By ETV Bharat Kerala Team

Published : Mar 27, 2024, 7:39 AM IST

അശോകന്‍റെ ആടുജീവിതം

കാസർകോട് :ബെന്യാമിൻ രചിച്ച് ഏവർക്കും സുപരിചിതമായ നോവലാണ് ആടുജീവിതം. നജീബ് എന്ന മനുഷ്യന്‍റെ ജീവിതത്തെ അധികരിച്ചായിരുന്നു നോവല്‍. നജീബ് അനുഭവിച്ചതുപോലെ ഗൾഫ് രാജ്യങ്ങളിൽ എത്തി ദുരിത ജീവിതം ജയിച്ചവർ നിരവധിയുണ്ട് നമുക്കുചുറ്റും.

നജീബ് എങ്ങനെ ആയിരുന്നോ ജീവിച്ചത് അതുപോലെ ആടുകൾക്ക് ഇടയിൽ ഭക്ഷണം പോലും ഇല്ലാതെ ജീവിച്ച ഒരാളുണ്ട് കാസർകോട്ട്. അശോകൻ എന്നാണ് പേര്. ഒരുപാട് സ്വപ്‌നങ്ങളുമായി അറബിനാട്ടിലേക്ക് എത്തിയതായിരുന്നു അശോകനും. എന്നാൽ വിധി അയാൾക്ക് കരുതിവച്ചത് കൊടുംദുരിതങ്ങൾ ആയിരുന്നു.

ഗൾഫ് വിസയ്ക്ക് അന്ന് വീടും പറമ്പും പണയപ്പെടുത്തി 35,000 രൂപയാണ് അശോകൻ ഏജന്‍റിന് നൽകിയത്. പച്ചക്കറി മാർക്കറ്റിൽ സെയിൽമാൻ ജോലിയാണ് ഏജന്‍റ് വാഗ്‌ദാനം ചെയ്‌തത്. എന്നാൽ ചെന്നെത്തിയതാകട്ടെ മരുഭൂമിയിൽ ആടുമേയ്ക്കുന്ന തടങ്കൽ പാളയത്തില്‍.

ദമാമിൽ നിന്നും 300 കിലോമീറ്റർ ദൂരത്തായിരുന്നു ഈ കേന്ദ്രം. ഏജന്‍റിന്‍റെ ചതി തിരിച്ചറിഞ്ഞ്, ആടുമേയ്ക്കലാണ് ജോലി എന്ന് മനസിലാക്കിയ ഉടന്‍ അശോകൻ ബോധംകെട്ട് വീണുപോയി. മൂന്ന് മാസം മാത്രമാണ് ആടിനെ മേയ്ക്കുന്ന തടങ്കൽ പാളയത്തിൽ ഉണ്ടായിരുന്നതെങ്കിലും ഒരു ആയുസില്‍ നേരിടാവുന്നത്രയും ദുരിതം ആ ദിവസങ്ങളിൽ അശോകൻ അനുഭവിക്കേണ്ടി വന്നു.

വീട്ടിലേക്ക് ഒന്ന് വിളിക്കാനോ അവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാനോ അശോകന് കഴിഞ്ഞില്ല. അശോകന്‍ മരണപ്പെട്ടുവെന്നാണ് അവരും കരുതിയത്. മുകളില്‍ ആകാശം താഴെ ചുട്ടുപ്പഴുത്ത മരുഭൂമി, എങ്ങനെ രക്ഷപ്പെടുമെന്നറിയാതെ വലഞ്ഞ് അശോകനും. തന്‍റെ മരണം അവിടെത്തന്നെയാകുമെന്ന് അശോകൻ ഉറപ്പിച്ചു.

200 ഓളം ആടുകളും 20 ഓളം ഒട്ടകങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. സൗദി പൗരൻ ക്രൂരനായ കാട്ടാളനെ പോലെയായിരുന്നു പെരുമാറിയത്. അതിനാൽ അവിടെ നിന്നുമൊരു രക്ഷപ്പെടൽ സാധ്യമല്ലെന്ന് അശോകൻ മനസിലാക്കി. അശോകന്‍റെ ദയനീയത കണ്ട് മനസലിഞ്ഞ തിരുവനന്തപുരം സ്വദേശിയാണ് ആ മരണക്കയത്തിൽ നിന്നും തിരിച്ച് നാട്ടിലേക്കെത്താൻ സഹായിച്ചത്. അപ്പോഴേക്കും തിരിച്ചറിയാൻ കഴിയാത്ത വിധം അശോകൻ കോലം കെട്ടിരുന്നു. ഇടനെഞ്ചില്‍ വിങ്ങലോടെയല്ലാതെ അശോകന് ആ ആടുജീവിതം ഓര്‍ക്കാനാകില്ല.

അശോകൻ ഗൾഫിൽ എത്തപ്പെട്ടത് :1992 ഡിസംബറിലാണ് സ്വപ്‌നങ്ങളുമായി അശോകൻ ഗൾഫിലേക്ക് പറന്നത്. ആ വിമാനം ഇറങ്ങിയത് സൗദിയിലെ ദമാമിലായിരുന്നു. 35,000 രൂപയാണ് അശോകൻ ഏജന്‍റിന് നൽകിയത്. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു അശോകന്‍റെ മനസിൽ.

പച്ചക്കറി മാർക്കറ്റിൽ സെയിൽമാൻ ജോലിയാണ് ഏജന്‍റ് വാഗ്‌ദാനം ചെയ്‌തത്. എന്നാൽ ചെന്നെത്തിയത് മരുഭൂമിയിൽ ആട് മേയ്ക്കുന്ന തടങ്കൽ പാളയത്തിലേക്കാണ്. ദമാമിൽ നിന്നും 300 കിലോമീറ്റർ ദൂരത്താണ് അശോകനെ എത്തിച്ചത്. ഏജന്‍റിന്‍റെ ചതിയിൽ പെട്ട് ആട് മേയ്ക്കാനെത്തിപ്പെട്ട വ്യക്തിയാണ് അശോകൻ.

തടങ്കൽ പാളയത്തിലെ ജീവിതം :മൂന്ന് മാസം മാത്രമാണ് ആടിനെ മേയ്ക്കുന്ന തടങ്കൽ പാളയത്തിൽ ഉണ്ടായിരുന്നതെങ്കിലും ഒരു ആയുസിന്‍റെ മുഴുവൻ ദുരിതവും ആ ദിവസങ്ങളിൽ അനുഭവിക്കേണ്ടി വന്നുവെന്നു അശോകൻ പറഞ്ഞു. കുവൈത്ത് സ്വദേശിയുടേതായിരുന്നു മരുഭൂമിയിലെ ആട് ഫാം. അദ്ദേഹത്തിന് ഇത്തരത്തിൽ നിരവധി ആട് ഫാമുകൾ ഉണ്ടായിരുന്നു.

ബോധം തിരിച്ച് കിട്ടിയപ്പോൾ തന്നെ ഫാം നോക്കി നടത്തുന്ന സൗദി പൗരൻ എത്തി എന്തായാലും ഇവിടെ ജോലി ചെയ്യണമെന്ന് പറഞ്ഞ് അദ്ദേഹത്തെ അടിച്ചു. എല്ലാ സ്വപ്‌നങ്ങളും തകർന്നതോടെ പൊരുത്തപ്പെടാൻ ശ്രമിച്ചുവെങ്കിലും അശോകന് അത് സാധിച്ചില്ല. ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം കുടിച്ചാണ് അവിടെ ജീവിക്കേണ്ടത്.

200 ഓളം ആടും 20 ഓളം ഒട്ടകവുമാണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം എത്തുമ്പോൾ ബംഗ്ലാദേശുകാരനായ ഒരു ജോലിക്കാരൻ അവിടെയുണ്ടായിരുന്നു. വർഷങ്ങളായി താൻ ഇവിടെ ജോലിക്കുണ്ടെന്നും വന്ന ശേഷം ഇതുവരെ നാട്ടിൽ പോയിട്ടില്ലെന്നും അയാൾ പറഞ്ഞു.

അദ്ദേഹം ഈ ജോലിയുമായി ഏതാണ്ട് പൊരുത്തപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് തോന്നി. എന്നാൽ അയാളുടെ മനസിലും വിഷമമുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ചോറും കറിയും കഴിച്ച് ജീവിച്ച തനിക്ക് കുബൂസും ടാങ്കിൽ വരുന്ന പച്ചവെള്ളവും മാത്രം കഴിക്കാൻ സാധിച്ചില്ല.

സൗദി പൗരൻ ഒരു ക്രൂരനായ കാട്ടാളനെ പോലെയായിരുന്നു പെരുമാറിയത്. താൻ ഏജന്‍റിന് നല്ലൊരു തുക നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് ആടിനെ മേയ്ക്കാതെ ഇവിടെ നിന്നും രക്ഷപ്പെട്ട് പോകാമെന്ന് വിചാരിക്കേണ്ടെന്നും അയാൾ പറഞ്ഞു. ബന്ധുക്കൾ സൗദിയിലെ നാട്ടുകാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് താൻ ആട് മേയ്ക്കൽ കേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചത്. കഠിനമായ വെയിലേറ്റും ഭക്ഷണം കിട്ടാതെയും ഒരുമാസം കൊണ്ട് മെലിഞ്ഞുണങ്ങി, അശോകന്‍ പറഞ്ഞു.

അതിജീവനം :'കുവൈറ്റ് പൗരന്‍റെ ജോലിക്കാരനായ തിരുവനന്തപുരം സ്വദേശിയായ മലയാളി ഒരിക്കൽ ഫാമിലെ ആവശ്യത്തിനായി വന്നിരുന്നു. എന്‍റെ ദയനീയതയും കഷ്‌ടപ്പാടും കണ്ട് ഇവിടെ നിന്ന് പോയില്ലെങ്കിൽ മരിച്ചു വീഴുമെന്നും ബോധ്യമായ അയാൾ രക്ഷപ്പെടുത്താമെന്ന് തനിക്ക് വാക്ക് തന്നു'വെന്ന് അശോകൻ പറഞ്ഞു. ഡിവൈഎസ്‌പി പോലെ റാങ്കിലുള്ള സൗദി ദമാമിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചാണ് തടങ്കൽ പാളയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.

അദ്ദേഹത്തിന്‍റെ ഡ്രൈവറോട് പറഞ്ഞ് ബെൻസ് കാറിൽ കൂട്ടിക്കൊണ്ട് പോയി നല്ല ഭക്ഷണം വാങ്ങിത്തന്നു. അന്ന് കിട്ടിയ ആ ഭക്ഷണത്തിന്‍റെ രുചി ഇപ്പോഴും നാവിൻ തുമ്പിലുണ്ടെന്നും അശോകൻ പറയുന്നു. രണ്ട് മാസത്തിനകം രക്ഷപ്പട്ട് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഓഫിസിൽ എത്തിയപ്പോൾ അവിടെ ഉദ്യോഗസ്ഥർക്ക് ചായയും ഭക്ഷണവും എത്തിക്കുന്ന ശശിയെന്ന മലയാളിയെ പരിചയപ്പെട്ടു.

എല്ലാ സഹായവും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എടുത്ത വിസയുടെ കാലാവധി കഴിയാതെ നാട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിൽ ശശിയായിരുന്നു മനസിന് ധൈര്യം തന്നത്. വിസയും പാസ്‌പോർടും ഉള്ളത് കൊണ്ടും ചതിക്കപ്പെട്ട് എത്തിയതാണെന്ന് ബോധ്യപ്പെട്ടതിനാലും പൊലീസുകാർ മാന്യമായി പെരുമാറിയെന്നും അശോകൻ പറഞ്ഞു.

ഒരുപാട് പേർ ആട് ജീവിതവുമായി ബന്ധപ്പെട്ട് അൽ - അസ്ഹറിൽ അന്ന് എത്തിയിട്ടുണ്ടായിരുന്നു. ഇതിൽ ഒരാളുടെ കയ്യെല്ല് സൗദി പൗരൻ അടിച്ച് പൊട്ടിച്ചിരുന്നു. പലരുടെയും കാല് പിടിച്ചാണ് നാട്ടിലേക്കുള്ള ടിക്കറ്റിന് പണം കണ്ടെത്തിയതെന്നും അശോകൻ പറഞ്ഞു. തന്നെയടക്കം 15 ഓളം പേരെ കണ്ണൂരുകാരനായ ജോസ് എന്ന എജന്‍റ് പറ്റിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും അശോകൻ പറഞ്ഞു.

നാട്ടിലെത്തിയപ്പോൾ തന്നെ വീട്ടുകാർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കോലം കെട്ടിരുന്നുവെന്ന് അശോകൻ പറഞ്ഞു. നാട്ടിലെത്തിയ ശേഷം കലാഭവൻ മണിയുടെ 'എംഎൽഎ മണി, പത്താം ക്ലാസും ഗുസ്‌തിയും' എന്ന സിനിമയുടെ നിർമാതാവായ കാഞ്ഞങ്ങാട് സ്വദേശി ജോയ് മുളവനാൽ എന്നയാളുടെ ഡ്രൈവറായി ജോലി ചെയ്‌തു. ഈ സിനിമയിൽ കലാഭവൻ മണിയുടെ ഡ്രൈവറുടെ വേഷം ചെയ്‌തത്‌ അശോകനായിരുന്നു. ഇപ്പോൾ അശോകൻ നാട്ടിൽ ടാക്‌സി ഓടിക്കുകയാണ്. അടുത്ത ദിവസം റിലീസ് ചെയ്യുന്ന ആട് ജീവിതം സിനിമ തന്‍റെ കൂടി ജീവിത കഥയാണെന്നും അശോകൻ പറഞ്ഞു.

ABOUT THE AUTHOR

...view details