പരമ്പരാഗത ഗവര്‍ണര്‍ സങ്കല്‍പങ്ങളെ തച്ചുടച്ച്, രാജ്‌ഭവന്‍റെ അകത്തളങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ ഗവര്‍ണര്‍. സര്‍ക്കാരുമായി നിരന്തരം കലഹിച്ച, മാധ്യമങ്ങള്‍ക്ക് നേരെ പലവട്ടം 'വടി'യെടുത്ത, സര്‍വകലാശാലകളുടെ ഭരണം കൈപ്പിടിയിലാക്കാന്‍ ശ്രമിച്ച, കരിങ്കൊടിയുമായെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ നടുറോഡില്‍ നേരിട്ട ഗവര്‍ണര്‍... ഇക്കാലമത്രയും കേരളം കണ്ട ഗവര്‍ണര്‍ പരിവേഷങ്ങള്‍ക്ക് നേര്‍ വിപരീതമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
നയപ്രഖ്യാപന വേളയില്‍ നിയമസഭയിലെത്തുക, സര്‍ക്കാര്‍ നയങ്ങള്‍ വള്ളിപുള്ളി തെറ്റാതെ വായിച്ച് മടങ്ങുക... ആരിഫ് മുഹമ്മദ് ഖാന് മുന്‍പേ നടന്നവര്‍ ഉണ്ടാക്കിവച്ച ചരിത്രം 2019 സെപ്‌റ്റംബര്‍ 5ലെ അദ്ദേഹത്തിന്‍റെ 'രാജ്ഭവന്‍ എന്‍ട്രി'യോടെ മായുകയായിരുന്നു. സര്‍ക്കാരിനെതിരെ രാജ്‌ഭവനില്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ച ആദ്യ ഗവര്‍ണര്‍, പിന്നീട് കേരളം കണ്ടത് 'ദി ഗവര്‍ണേസ് എറ' ആണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സര്‍ക്കാരിനോട് പ്രത്യക്ഷ പോര് :സര്‍ക്കാരിനോട് നിരന്തരം കലഹം പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സജീവ വിമര്‍ശകനായിരുന്നു. ശത്രുതയുടെ, കലഹത്തിന്‍റെ പര്യായമായി മുഖ്യമന്ത്രിയും ഗവര്‍ണറും മാറി. 'മുഖ്യന്‍-ഗവര്‍ണര്‍ പോര്' മാധ്യമങ്ങളില്‍ തലക്കെട്ടുകളായി. മരുഭൂമിയിലെ മഴ പോലെ ഇടക്കെപ്പോഴോ സംഭവിച്ച ഇണക്കങ്ങളും.
കേരള നിയമസഭയില്‍ കോളിളക്കം ഉണ്ടാക്കിയ ചില നയങ്ങള്‍, സര്‍വകലാശാല ബില്‍ അതില്‍ പ്രധാനം. സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്‌ടിച്ചിരുന്നു ഗവര്‍ണര്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലുമായാണ് സര്‍ക്കാര്‍ ഗവര്‍ണറെ നേരിട്ടത്. എന്നാല്‍ നിയമസഭ പാസാക്കി അംഗീകാരത്തിനയച്ച ബില്ലില്‍ ഒപ്പുവയ്‌ക്കാന്‍ ഗവര്‍ണര്‍ തയാറായില്ല.
ബില്ലുകളോട് 'നെവര്‍ മൈന്‍ഡ്', സര്‍ക്കാര്‍ നയങ്ങളില്‍ അതൃപ്‌തി :നിയമവും ഭരണഘടനയും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ വായടിപ്പിച്ചു. സര്‍വകലാശാല ബില്‍ അടക്കമുള്ള 10 ബില്ലുകള്‍ വര്‍ഷങ്ങളോളം ഒപ്പിടാതെ പിടിച്ചുവച്ചു ഗവര്‍ണര്‍. സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങിയപ്പോള്‍ രണ്ട് ബില്ലുകള്‍ ഒപ്പിട്ട് മറ്റുള്ളവ രാഷ്‌ട്രപതിക്ക് അയച്ച് കൊണ്ടുള്ള തന്ത്രമാണ് ഗവര്‍ണര്‍ പയറ്റിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് മേല്‍ കേന്ദ്രം നിയമിച്ച ഗവര്‍ണര്‍ അതിര് കടക്കുന്നു എന്ന വിമര്‍ശനം ആരിഫ് മുഹമ്മദ് ഖാന് കേള്‍ക്കേണ്ടിവന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെയും അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.
Also Read: കേരളത്തിന് പുതിയ ഗവർണർ; ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാറിലേക്ക്
മുഖ്യമന്ത്രിയുടെ 'ടെററിസം@ മലപ്പുറം' പരാമര്‍ശം : മുഖ്യമന്ത്രിയുടേതെന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തില്‍ മലപ്പുറത്തെ കുറിച്ചും ഒരു പ്രത്യേക വിഭാഗത്തെ കുറിച്ചും പറഞ്ഞ വാക്കുകള്‍ ഗവര്‍ണറെ ചൊടിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഗവര്‍ണര്‍ തന്‍റെ രോഷം തെല്ലും അടക്കിയില്ല. മുഖ്യമന്ത്രിക്ക് ആ രക്തത്തില്‍ പങ്കില്ലെങ്കില്‍ തെളിയിക്കാന്‍ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു അന്ന് ഗവര്‍ണര്‍ ചെയ്‌തത്.
സാധാരണക്കാര്‍ക്ക് അവരില്‍ ഒരാള്‍ : സര്‍ക്കാര്‍ തലത്തിലെ വിമര്‍ശനങ്ങളും വിവാദങ്ങളും പിടിമുറുക്കിയപ്പോഴും കേരള മനസാക്ഷിയെ മരവിപ്പിച്ച പല സംഭവങ്ങളിലും, വയനാട് ദുരന്തത്തില്‍ ഉള്‍പ്പെടെ ഇരകള്‍ക്കൊപ്പം ഉറച്ചുനിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കയ്യടി നേടി. സാധാരണക്കാരെ സംബന്ധിച്ച് ഗവര്‍ണര്‍ ഒരു അത്യുന്നത പദവീ സങ്കല്‍പമായിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ അക്ഷരാര്‍ഥത്തില്‍ അതിനെ പൊളിച്ചടുക്കി.
ഒരിക്കല്‍ കോഴിക്കോട് നഗരത്തിലെത്തിയ ഗവര്‍ണരെ ഓര്‍ക്കുന്നു. തെരുവില്‍ കണ്ട പലഹാരക്കടയില്‍ കയറി കച്ചവടക്കാരനോട് കുശലം പറഞ്ഞ, കോഴിക്കോടന്‍ ഹല്‍വ രുചിച്ച അദ്ദേഹം അന്ന് കോഴിക്കോടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെയാകെ ഹൃദയം കവരുകയായിരുന്നു. ജനമനസിലേക്കിറങ്ങാന്‍ അദ്ദേഹത്തിന് ഭാഷ ഒരുപ്രശ്‌നമേ ആയിരുന്നില്ല. രാജ്‌ഭവനും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂട്ടാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതിലും തര്‍ക്കമില്ല. ഒരേസമയം കേരളം കണ്ട ജനകീയനായ ഗവര്‍ണറും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച ഗവര്‍ണറും ആയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ മടക്കം.
Also Read: മോദിയുമായി അടുത്ത ബന്ധം; ഗോവയുടെ മുൻമന്ത്രി, ആരാണ് കേരളത്തിന്‍റെ പുതിയ ഗവർണർ രാജേന്ദ്ര ആർലേകർ?