എറണാകുളം:പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റിന് മുൻകൂർ ജാമ്യം. കണ്ണൂരിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണ് ചെയ്‌തതെന്നും ലാലി വിന്‍സന്‍റ് വാദിച്ചു.
രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അനന്തു കൃഷ്‌ണനിൽ നിന്നും 46 ലക്ഷം രൂപ കൈപ്പറ്റിയത് ഫീസിനത്തിലാണെനും ലാലി വിന്‍സന്‍റ് വാദിച്ചിരുന്നു. ഇക്കാര്യം കൂടി അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ടാഴ്‌ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ലാലിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസിലെ ഏഴാം പ്രതിയാണ് ലാലി വിൻസൻ്റ്. തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനും തൊടുപുഴ സ്വദേശിയുമായ അനന്തു കൃഷ്‌ണൻ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ സ്ഥാപകനായിരുന്ന കെഎൻ ആനന്ദ് കുമാർ, കോൺഫെഡറേഷൻ ചെയർപേഴ്‌സണ്‍ ഡോ.ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ കെപി, ഇന്ദിര എന്നിവരാണ് മറ്റ് പ്രതികൾ.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പറവൂരിൽ പ്രതി ചേർക്കപ്പെട്ട ഡോ.എൻ മധു, സിജി മേരി, കണ്ണൂർ ഇരിക്കൂരിൽ പ്രതി ചേർക്കപ്പെട്ട പി.രാജാമണി, കെകെ സരോജിനി എന്നിവരോട് മൂന്നാഴ്‌ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു. നിലവിൽ അനന്തു കൃഷ്‌ണൻ റിമാൻഡിലാണ്.
Also Read:കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ പരാതിക്കാർക്ക് പണം തിരികെ നൽകുമെന്ന് ഇഡി; ബാങ്ക് സഹകരിക്കുന്നില്ലെന്ന് ആരോപണം