തിരുവനന്തപുരം : ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ വാദം തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്ത്. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കാണ് കെഎസ്ആർടിസി പുറത്തുവിട്ടത്. ഇലക്ട്രിക് ബസുകളിലൂടെ ഇക്കാലയളവിൽ 2.88 കോടി രൂപ ലാഭമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഒരു കിലോമീറ്റർ ഓടാൻ 28.45 രൂപയാണ് ചെലവ് വരുന്നത്. ഈ ചെലവ് കഴിഞ്ഞ് 8.21 രൂപ ലാഭം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് (KSRTC Electric Buses).
ഓരോ മാസത്തെയും ലാഭക്കണക്ക്:
2023 ഏപ്രിൽ: 17.91 ലക്ഷം
മെയ്: 29.92 ലക്ഷം
ജൂൺ: 33.22 ലക്ഷം
ജൂലായ്: 36.30 ലക്ഷം
ഓഗസ്‌റ്റ്: 27.77 ലക്ഷം
സെപ്റ്റംബർ: 29.22 ലക്ഷം
ഒക്ടോബർ: 34.99 ലക്ഷം
നവംബർ: 37.80 ലക്ഷം
ഡിസംബർ: 41.76 ലക്ഷം
വരുമാനം ഇത്രയൊക്കെയാണെങ്കിലും ഇനി ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന നിലപാടിലാണ് മന്ത്രി. സ്‌മാർട്ട് സിറ്റി, കിഫ്‌ബി പദ്ധതികൾ വഴി ലഭിക്കാനിരിക്കുന്ന ബസുകൾക്ക് പകരം ഡീസൽ ബസുകൾ വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കാൻ മന്ത്രി സിഎംഡിക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ ഈ പദ്ധതികള്‍ ഉപയോഗിച്ച് ഡീസൽ ബസുകൾ വാങ്ങാനാകില്ല.
അതേസമയം നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ബസുകളുടെ വിശദമായ റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി. ഇലക്ട്രിക് ബസുകളുടെ റൂട്ടുകളുടെ വിവരങ്ങളും, ദൈനംദിന വരവ് ചെലവ് കണക്കുകളുടെ വിശദാംശങ്ങളും സംബന്ധിച്ച റിപ്പോർട്ടാണ് മന്ത്രി കെഎസ്ആർടിസി സിഎംഡിയോട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് ചൊവ്വാഴ്‌ചയോ ബുധനാഴ്‌ചയോ മന്ത്രിക്ക് നൽകും.
ഗണേഷ് കുമാറിൻ്റെ നിലപാടിനെതിരെ സിപിഎം എംഎൽഎ വി കെ പ്രശാന്ത് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനമാണെന്നും, അതിന് കൃത്യമായ മെയിന്‍റനൻസ് ഒരുക്കുകയാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലാണ് സിപിഎം എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്.