എറണാകുളം:വയനാട് ദുരന്തം ഏത് വിഭാഗത്തിൽപെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. വിഷയത്തിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി.
വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമികസ് ക്യൂറി ആവശ്യപ്പെട്ടതുസംബന്ധിച്ച കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സർക്കാരിന്‍റെ മറുപടി.
ദുരിതബാധിതർക്ക് നഷ്‌ടപരിഹാരം കിട്ടുന്നില്ലെന്ന വാർത്തകൾ വരുന്നുണ്ടല്ലോയെന്ന് സംസ്ഥാന സർക്കാരിനോട് ചോദിച്ചറിഞ്ഞ കോടതി ട്രഷറി അക്കൗണ്ട് വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ, നഷ്‌ടപരിഹാരം നൽകാൻ സംവിധാനമുണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് ദുരന്തവുമായി ബന്ധപ്പെട്ട കേസ് നവംബർ 15 ലേക്ക് മാറ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന കാര്യവും അമികസ് ക്യൂറി റിപ്പോർട്ട് മുഖാന്തിരം കോടതിയിൽ ആവശ്യമുന്നയിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾ കൂടാതെ സ്വകാര്യ മേഖലയെയും സഹകരിപ്പിച്ചു കൊണ്ടും പാരാമെട്രിക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാകുമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. നാഗാലാന്‍ഡ് മാതൃകയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.
വയനാട് ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുനരധിവാസ പ്രവർത്തനങ്ങൾക്ക് തടസമാകരുതെന്ന് കഴിഞ്ഞയാഴ്‌ച ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് സാമ്പത്തിക സഹായമടക്കം അനുവദിക്കുന്നതിൽ പ്രതിസന്ധിയുണ്ടാകരുതെന്നായിരുന്നു കോടതി നിർദേശം. കൂടാതെ വയനാടിന്‍റെ പാരിസ്ഥിതിക സാഹചര്യം കണക്കിലെടുത്ത് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
Also Read : 'വയനാട്ടിലെ ദുരന്ത ബാധിതരെ അവഗണിക്കുന്നു, കേന്ദ്ര സമീപനം വിദ്വേഷ രാഷ്‌ട്രീയത്തിന്‍റേത്': പ്രിയങ്ക ഗാന്ധി