പത്തനംതിട്ട : അടൂർ വടക്കിടത്ത് കാവിൽ വീടിന് തീപിടിച്ച് വൻ നാശനഷ്‌ടം. ആളപായമില്ല. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വടക്കിടത്തുകാവിൽ പത്മോസ് വീട്ടിൽ രാജൻ്റെ വീടിനാണ് തീ പിടിച്ചത്.
വീടിനോട് ചെർന്നുള്ള ഷെഡിൽ നിന്നുമാണ് തീ പടർന്നത്. നാട്ടുകാരുടേയും അഗ്നിശമന സേനയുടെയും അവസരോചിതമായ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി. അഗ്നിശമനസേന രണ്ട് മണിക്കൂറോളം എടുത്താണ് തീയണച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തേക്ക് തടി ഉരുപ്പടികളാണ് ഷെഡിൽ ഉണ്ടായിരുന്നത്. തടി ഉരുപ്പടികളുടെ നിർമ്മാണത്തിനുള്ള മോട്ടോറിൽ നിന്നും ഷോട്ട് സർക്യുട്ട് കാരണം തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഷെഡിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ്, ടിന്നർ എന്നിവയിലേക്ക് തീ പടരുകയും തടി ഉരുപ്പടികളിലെക്ക് വ്യാപിക്കുകയുമായിരുന്നു.
സമീപവാസികളാണ് ഷെഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. ഫയർഫോഴ്‌സ് എത്തും മുൻപ് ഷെഡിനോട് ചേർന്ന കിടപ്പ് മുറിയിലെക്ക് തീ പടർന്ന് വലിയ ശബ്‌ദത്തോടെ ജനൽചില്ലകൾ തകരുകയും മുറിക്കുള്ളിലെ മെത്ത, കട്ടിൽ, അലമാര തുടങ്ങിയവയും വസ്ത്രങ്ങളും കത്തിനശിക്കുകയും ചെയ്‌തു.
അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ തടി ഉരുപ്പടികൾ നീക്കം ചെയ്യുകയും ഏറെ പണിപ്പെട്ട് തീ അണക്കുകയുമായിരുന്നു. ഏതാണ്ട് 10 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. അടൂർ സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ റസ്ക്യു ഓഫീസർ അജിഖാൻ യൂസഫ്, ഓഫീസർമാരായ സാനിഷ്, ശ്രീജിത്ത്, സന്തോഷ് ജോർജ്, രാഹുൽ, പ്രശോബ്, അഭിലാഷ്, സുരേഷ് കുമാർ, മോനച്ചൻ, സിവിൽ ഡിഫൻസ് അംഗം ജ്യോതി എന്നിവരടങ്ങിയ സംഘമാണ് അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.