മൃതദേഹം കരയ്‌ക്കടുപ്പിക്കുന്നു (ETV Bharat) തിരുവനന്തപുരം :ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. ആമയിഴഞ്ചാന്‍ തോട് കടന്ന് പോകുന്ന തകരപ്പറമ്പ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചില്‍ 46 മണിക്കൂര്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്.
നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ മൃതദേഹം കണ്ട ശേഷം അധികൃതരെ അറിയിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചത്. കാണാതായി മൂന്ന് ദിവസം ആയതിനാല്‍ തന്നെ മൃതദേഹം അഴുകിയ നിലയിലാണ്.
അതിനാല്‍ ശാസ്‌ത്രീയ പരിശോധന അടക്കം നടത്തി മൃതദേഹം ജോയിയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കണം. ഇതിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാരായമുട്ടത്തുളള ജോയിയുടെ അമ്മയോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ജോയിയ്‌ക്കായി നടന്നത്. കാണാതായിടത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കിടന്നിരുന്നത്. കമഴ്ന്ന് കിടക്കുന്നതായി ജോയിയുടെ മൃതദേഹം. നാവിക സേന, ഫയര്‍ഫോഴ്‌സ്, നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം തകരപ്പറമ്പ് ഭാഗത്ത് നിന്നും 9.30 യോടെ കണ്ടെത്തുന്നത്. തുടര്‍ന്ന് രക്ഷാസംഘമെത്തി മൃതദേഹം കരയിലേക്ക് അടുപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി 9.30 ഓടെ നാവിക സേന സംഘവും ജോയിയ്‌ക്കായുള്ള തെരച്ചിലിന് എത്തിയിരുന്നു. സോണാര്‍ ഘടിപ്പിച്ച കാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. ആമയിഴഞ്ചാന്‍ എത്തിച്ചേരുന്ന പാര്‍വതി പുത്തനാര്‍, വഞ്ചിയൂര്‍, പഴവങ്ങാടി തോട് എന്നീ പ്രദേശങ്ങളിലും പരിശോധന ആരംഭിച്ചിരുന്നു.
ജോയി ഒഴുകിപോയേക്കാമെന്ന നിഗമനത്തിലാണ് റെയില്‍വേ സ്റ്റേഷന് പുറത്തേക്കുള്ള ഭാഗത്തേക്കും ഇന്നലെ അര്‍ധരാത്രിയോടെ തെരച്ചില്‍ ആരംഭിച്ചത്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്‌ധരും നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്‌സിന്‍റെ സ്‌കൂബ ഡൈവിങ് ടീമും ഒരുമിച്ചാണ് തോട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നത്.
ഫയര്‍ ഫോഴ്‌സ്, പൊലീസ്, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 200 ഓളം രക്ഷാപ്രവര്‍ത്തകര്‍ മൂന്നാം ദിവസവും കടുത്ത വെല്ലുവിളികളെ നേരിട്ട് ജോയിക്കായി തെരച്ചിലില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി താത്കാലികമായി നിര്‍ത്തിയ തെരച്ചില്‍ പുലര്‍ച്ചെ പുനരാരംഭിക്കുകയായിരുന്നു.
തമ്പാനൂര്‍ ഭാഗത്ത് ആമയിഴഞ്ചാന്‍ തോടിന് സമീപമുള്ള ടണലിലാണ് ജോയിയെ ശനിയാഴ്‌ച രാവിലെ 11 മണിയോടെ കാണാതാകുന്നത്. തുടര്‍ന്ന് ജെന്‍ റൊബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ റോബോട്ടിക് സംവിധാനങ്ങളും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. തിങ്ങി നിറഞ്ഞ് കല്ലു പോലെ കെട്ടികിടക്കുന്ന മാലിന്യം വകഞ്ഞു മാറ്റി മണിക്കൂറുകള്‍ നീണ്ടു നിന്ന തെരച്ചിലിനിടെ ഇന്നലെ മാത്രം 5 ലക്ഷം ലിറ്റര്‍ വെള്ളം ടണല്‍ ഭാഗത്ത് നിന്നും പമ്പ് ചെയ്‌ത് നീക്കിയിരുന്നു.
Also Read: ആമയിഴഞ്ചാൻ അപകടം: 'അവര്‍ യഥാര്‍ഥ നായകരാണ്'; ഫയര്‍ ഫോഴ്‌സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് - HC APPRECIATES FIRE FORCE