ഇടുക്കി :ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂ മന്ത്രിയും സിപിഐ ജില്ല സെക്രട്ടറിയും കൂട്ട് നിന്നുവെന്ന് ആരോപണം. അടിമാലി സ്വദേശി സിബിക്കാണ് വ്യാജരേഖ ചമയ്ക്കാൻ റവന്യൂ വകുപ്പിന്‍റെ ഒത്താശ ലഭിച്ചത്. സിപിഐ ബൈസൺ വാലി മുൻ ലോക്കൽ സെക്രട്ടറി എം ആർ രാമകൃഷ്‌ണനാണ് ഇത്തരത്തിൽ ഒരാരോപണം ഉന്നയിച്ചത്.
അനധികൃത നിർമാണം നടത്തി കിട്ടുന്ന ലാഭവിഹിതത്തിൽ ഒരു പങ്ക് മന്ത്രിക്കും സിപിഐ ജില്ല സെക്രട്ടറിക്കും ഉള്ളതാണെന്ന് സിബി പറഞ്ഞു എന്ന് രാമകൃഷ്‌ണൻ വ്യക്തമാക്കി. സിബിക്ക് 12 ഏക്കർ കൈവശഭൂമി കൈമാറ്റം ചെയ്‌തത് രാമകൃഷ്‌ണനാണ്.
സിബി റെഡ് സോണിൽ പെടുന്ന സ്ഥലത്ത് വ്യാപകമായി നിയമലംഘനം നടത്തി കുന്നിടിച്ച് നിരത്തുകയും മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്‌തിരുന്നതായി രാമകൃഷ്‌ണൻ അറിയിച്ചു. സംഭവത്തിൽ ദേവികുളം മജിസ്‌ട്രേറ്റ് കോടതി വഞ്ചന കുറ്റത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും രാമകൃഷ്‌ണൻ പറഞ്ഞു.
അതേസമയം ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ റവന്യൂ മന്ത്രി കെ രാജൻ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ജില്ല കലക്‌ടറോട് ഉത്തരവിട്ടു.