തിരുവനന്തപുരം:പതിനെട്ടാം പടിയും ശ്രീധര്‍മശാസ്താവിന്‍റെ ശ്രീ കോവിലും സര്‍വ്വദിക്കുകളില്‍ നിന്നും ദര്‍ശിക്കാന്‍ കഴിയും വിധമായിരിക്കുമോ ശബരിമല മാസ്റ്റര്‍ പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ നടത്താന്‍ പോകുന്ന ശബരിമലയിലെ വികസന പ്രവൃത്തികള്‍ ? സന്നിധാനത്ത് ഒരിക്കലെങ്കിലും എത്തിയിട്ടുള്ള തീര്‍ത്ഥാടകരുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. അനായാസമായി സ്വാമി അയ്യപ്പ ദര്‍ശനം സാധ്യമാക്കാനുള്ള എന്തൊക്കെ സംവിധാനങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുണ്ടാവുക? ദര്‍ശനത്തിന് മണിക്കൂറുകള്‍ കാത്തു നില്‍ക്കേമ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാവും സന്നിധാനത്ത് വരാന്‍ പോകുന്നത്. പൂങ്കാവനത്തിന്‍റെ നിര്‍മ്മലതയും പരിപാവനതയും പിച്ചിച്ചീന്തിക്കൊണ്ടാവുമോ ഈ വികസനം നടപ്പാക്കാന്‍ പോകുന്നത് ? ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി വളര്‍ന്നു കഴിഞ്ഞ ശബരിമലയുടെ വികസനത്തിനായി 20 വര്‍ഷം മുമ്പ് സമര്‍പ്പിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനിന് ഇക്കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുമ്പോള്‍ ഭക്തരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
2050 ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനാണ് ഇക്കോസ്മാര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി 2005 ല്‍ സമര്‍പ്പിച്ചത്. അന്നു മുതല്‍ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ടത്, ഇടക്കാലത്ത് പൂര്‍ത്തിയാക്കേണ്ടത്, കൂടുതല്‍ സമയമെടുത്ത് ചെയ്തു തീര്‍ക്കേണ്ടത് എന്നീ മൂന്നിനങ്ങളിലായി തിരിച്ചാണ് മാസ്റ്റര്‍ പ്ലാനില്‍ ശബരിമല വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് സ്വീകരിച്ച് 20 വര്‍ഷം കഴിഞ്ഞെങ്കിലും ഇതിലെ പല നിര്‍ദേശങ്ങളും ഇന്നും പ്രസക്തമാണ്.
മാസ്റ്റര്‍ പ്ലാനിലെന്ത് ?
ശബരിമലയിലും സന്നിധാനത്തും പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കടുത്ത നിയന്ത്രണങ്ങളോടെയുള്ള വികസന പ്രവര്‍ത്തനമാണ് മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നത്. ശബരിമലയിലെ ഭൂവിനിയോഗം എങ്ങിനെയാകണമെന്നതിനെക്കുറിച്ച് 20 വര്‍ഷം മുമ്പുണ്ടാക്കിയ മാസ്‌റ്റര്‍ പ്ലാന്‍ വ്യക്തമായി പറയുന്നുണ്ട്.കണ്ണടച്ചുള്ള വിപുലമായ വികസനങ്ങൾക്കൊന്നും മാസ്‌റ്റർ പ്ലാൻ പ്രകാരം അനുമതിയില്ല. മാർഗനിർദേശങ്ങൾക്ക് വിധേയമായി കടുത്ത നിയന്ത്രണങ്ങളോടെയുള്ള വികസനം മാത്രമേ മാസ്‌റ്റർപ്ലാൻ പ്രകാരം ശബരിമലയിൽ നടത്താനാകൂ.
ക്ഷേത്ര മേഖല, വികസനപ്രവൃത്തികള്‍ നടത്തേണ്ട മേഖല, താമസത്തിനുള്ള മേഖല, ആചാര പ്രധാനമായ മേഖല, സേവനങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കാനുള്ള മേഖല, ഗ്രീന്‍ ഏരിയ എന്നിങ്ങനെ ആറ് മേഖലകളാക്കിത്തിരിച്ചാണ് ഭൂവിനിയോഗ പ്ലാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ മേഖലയിലും പ്രവൃത്തികള്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും മാസ്‌റ്റര്‍ പ്ലാനില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിലാണ് 1033 കോടി രൂപയുടെ ശബരിമല മാസ്‌റ്റര്‍പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ശബരിമലയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുക എന്നതാണ് മാസ്‌റ്റര്‍പ്ലാന്‍ പ്രധാനമായി ഉന്നമിടുന്നത്. സന്നിധാനത്തെയും പമ്പയിലെയും കാനനപാതയിലെയും സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം മാസ്‌റ്റര്‍ പ്ലാനിലൂടെ സാധ്യമാക്കും. മേഖലയിലെ ആത്മീയവും പാരിസ്ഥിതികവുമായ പ്രാധാന്യവും ഇതിലൂടെ സംരക്ഷിക്കപ്പെടും.
ക്ഷേത്ര മേഖലയിലെ നിർമാണങ്ങൾ
പഞ്ചപ്രാകാര തത്വം അനുസരിച്ചായിരിക്കണം ക്ഷേത്ര മേഖലയിലെ നിര്‍മാണങ്ങള്‍. ബലിവട്ടം, പ്രദക്ഷിണ വഴി, വിളക്കുമാടം, ശീവേലിപ്പുര, പുറമതില്‍, എന്നിവയോടു കൂടി ആചാരപരമായ ചടങ്ങുകള്‍ നിറവേറ്റാനുള്ള സൗകര്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സൗകര്യവും കണക്കിലെടുത്ത് വേണ്ടത്ര തുറസോടെ ക്ഷേത്ര മേഖല ഒരുക്കണമെന്നാണ് മാസ്‌റ്റര്‍ പ്ലാന്‍ പറയുന്നത്. ടെമ്പിള്‍ കോംപ്ലക്‌സിന് ചുരുങ്ങിയത് 116.10 മീറ്റര്‍ വീതിയും 140.40 മീറ്റര്‍ നീളവും ഉണ്ടാവണം.
25 മീറ്ററെങ്കിലും കരുതല്‍ സ്‌പേസും ആവശ്യമാണ്. ഈ പ്രദേശം മതപരവും ആചാരപരവുമായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ. പ്രസാദം തയ്യാറാക്കലും വിതരണവും ഭണ്ഡാരവും ടിക്കറ്റ് കൗണ്ടറും ക്യൂ സൗകര്യങ്ങള്‍, എന്നിങ്ങനെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ പാടില്ലാത്ത സംവിധാനങ്ങളും ടെമ്പിള്‍ കോംപ്ലക്‌സിലാകാം. പക്ഷേ ഈ സംവിധാനങ്ങള്‍ക്കുപയോഗിക്കുന്ന സ്ഥലം മൊത്തം വിസ്‌തീര്‍ണത്തിന്‍റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം.
അല്ലെങ്കില്‍ 1000 ചതുരശ്ര മീറ്ററില്‍ കവിയരുത്. ഇവയുടെ നിര്‍മിതിയും വാസ്‌തുശാസ്‌ത്ര പ്രകാരം ആകണമെന്നും മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നു. തീര്‍ഥാടകരെ കടത്തി വിടുന്നതിനുള്ള മേല്‍പ്പാലങ്ങളും പാലങ്ങളും ആകാമെങ്കിലും ശ്രീകോവിലിനേക്കാള്‍ മുകളിലുള്ള നിര്‍മിതികള്‍ പാടില്ല. ക്യൂ കോംപ്ലക്‌സ്, നടപ്പന്തല്‍ എന്നിവയുടെ കാര്യത്തിലും ഇത് ബാധകമാണ്. പക്ഷേ ശ്രീകോവില്‍, മണ്ഡപം, കൊടിമരം, ഗണപതികോവില്‍, തുടങ്ങി ശബരിമല ധര്‍മശാസ്‌താ ക്ഷേത്രത്തിന്‍റെ യോ മാസ്‌റ്റര്‍ പ്ലാനില്‍ പരാമര്‍ശിക്കുന്ന മറ്റ് ക്ഷേത്രങ്ങളുടേയോ ഗര്‍ഭ ഭാഗങ്ങളില്‍ ഇത്തരം നിര്‍മിതികള്‍ അനുവദനീയമല്ല.
മാസ്‌റ്റർ പ്ലാനിലെ പ്രദക്ഷിണ വഴി
പ്രദക്ഷിണത്തിനുള്ള ഫ്‌ളൈ ഓവറിന് പകരം മാസ്‌റ്റർ പ്ലാനിൽ ഒരു പ്രദക്ഷിണ വഴി നിർദേശിക്കുന്നു. ഇതുപ്രകാരം പതിനെട്ടാം പടി കയറിവരുന്ന ഇരുമുടിക്കെട്ടുകാരും ഇരുമുടിക്കെട്ടില്ലാതെ ഇടതുവശത്തെ വഴികൂടി വരുന്നവരും നിർദിഷ്‌ട പ്രദക്ഷിണ വഴിയിലൂടെ കടന്നുവേണം ശ്രീകോവിലിനു മുന്നിലെത്താൻ. പതിനെട്ടാം പടി കയറി ഇരുമുടിക്കെട്ടുമായി എത്തുന്ന അയ്യപ്പന്മാര്‍ക്ക് ഫ്ലൈ ഓവര്‍ ഒഴിവാക്കി ഇടതു വശത്തുകൂടെ പ്രദക്ഷിണ വഴിയിലൂടെ ചുറ്റി ഒരു വലം വെച്ച് ബലിക്കല്ലിനടുത്തുകൂടെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുത് ഇടതു വശത്തേക്ക് തന്നെ നീങ്ങി ഗണപതി കോവിലിനു സമീപത്തൂടെ പുറത്തേക്ക് ഇറങ്ങാനുള്ള വഴിയാണ് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദര്‍ശനം കഴിഞ്ഞ് നെയ്യഭിഷേകം നടത്താനുള്ളവര്‍ക്ക് വീണ്ടും ശ്രീകേവിലിനടുത്തെത്തി അഭിഷേകം നടത്താനുള്ള മറ്റൊരു വഴിയും നിര്‍ദേശിക്കുന്നു.
പ്ലാനും നിര്‍മാണ നിയന്ത്രണവും
ക്ഷേത്രത്തിന്‍റെ ലേ ഔട്ട് പഞ്ചപ്രാകാരത്തെയും തന്ത്ര സമുച്ചയത്തേയും ആസ്‌പദമാക്കിയാകണം. എല്ലാ അളവുകളും നിര്‍മാണ പ്രവൃത്തികളും വികസന പ്രവൃത്തികളും തന്ത്ര സമുച്ചയത്തെ അടിസ്ഥാനമാക്കിയാവണം. വളവും തിരിവുമില്ലാതെ ഋജുരേഖയിലാകണം നിര്‍മാണത്തിനുള്ള നിലമൊരുക്കേണ്ടത്. പ്രധാന ക്ഷേത്ര കോംപ്ലക്‌സിന്‍റെ ആകെ വീതിയുടെ അഞ്ചിലൊന്ന് അല്ലെങ്കില്‍ 25 മീറ്റര്‍ ഏതാണോ വലുത് അത്രയും സ്ഥലം കോംപ്ലക്‌സിന് ചുറ്റും കരുതല്‍ ഇടമായി മാറ്റി വെക്കണം.
മറ്റ് ഉപക്ഷേത്രങ്ങളില്‍ ഇങ്ങനെ കരുതലായി നീക്കിവക്കേണ്ടത് മിനിമം 10 മീറ്ററാണ്. കൊടിമരം ഒഴികെ മറ്റൊന്നും ശ്രീകോവിലിനേക്കാള്‍ ഉയരത്തില്‍ പണിയാന്‍ പാടില്ല. അതായത് ക്ഷേത്ര താഴികക്കുടത്തേക്കാള്‍ ഉയരത്തിലുള്ള ഒരു നിര്‍മാണവും കെട്ടിടവും ക്ഷേത്ര കോംപ്ലക്‌സില്‍ ഉണ്ടാവരുത്.
നിലവില്‍ താഴികക്കുടത്തിന്‍റ ഉയരമായ 150 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള ഒരു കെട്ടിടവും ശ്രീധര്‍മ ശാസ്‌താ ക്ഷേത്ര കോപ്ലക്‌സില്‍ പാടില്ല. സന്നിധാനത്തെ ഏത് കോണില്‍ നിന്നും ശ്രീകോവിലിനെയോ കൊടിമരത്തേയോ മറക്കുന്ന ഒരു നിര്‍മിതിയും പാടില്ല. ഗര്‍ഭഗൃഹത്തില്‍ നിലവിലുള്ളതല്ലാത്ത ഒരു നിര്‍മാണവും പാടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫ്ലൈ ഓവർ
ക്ഷേത്ര കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള ഫ്ലൈ ഓവറടക്കമുള്ള എല്ലാ നിര്‍മ്മിതികളും പൊളിച്ചു മാറ്റണമെന്ന് 20 വര്‍ഷം മുമ്പ് സമര്‍പ്പിച്ച മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നുണ്ട്. തന്ത്ര സമുച്ചയത്തിലെ പഞ്ച പ്രാകാര ഡിസൈനില്‍ ക്ഷേത്ര കോംപ്ലക്‌സ് പുതുക്കിപ്പണിയണമെന്നും നിര്‍ദേശിക്കുന്നു. ശ്രീകോവിലിന് വളരെ അടുത്തായുള്ള ഉയരമേറിയ ഫ്ലൈ ഓവര്‍ തന്ത്ര സമുച്ചയത്തിന്‍റ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് പൊളിച്ചു നീക്കണമെന്ന നിര്‍ദേശം ഇക്കാലമത്രയായിട്ടും നടപ്പായില്ല. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തരെ ഫ്ലൈ ഓവറില്‍ വരി നിര്‍ത്തി ശ്രീ കോവിലിന്‍റെ വടക്കേ ഭാഗത്തു കൂടെ കടത്തി വിടുന്ന രീതിയാണ് നിലവിലുള്ളത്. ഭക്തരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി കയറ്റി ദര്‍ശനം സാധ്യമാക്കാന്‍ ശ്രമിക്കുമെന്ന് ഈയടുത്തകാലത്ത് ദേവസ്വം ബോര്‍ഡ് അവകാശപ്പെട്ടിരുന്നു.
അപ്പം അരവണ പ്ലാന്‍റ്
നിലവിലുള്ള അപ്പം അരവണ പ്ലാന്‍റ് പൊളിച്ചുനീക്കി വാസ്‌തു ശാസ്‌ത്ര പ്രകാരം പുതിയത് പണിയണമെന്ന് മാസ്‌റ്റര്‍ പ്ലാനില്‍ നിര്‍ദേശം വന്നിട്ട് കാലമേറെയായി. തിരുമുറ്റത്ത് അല്‍പ്പം സ്ഥല സൗകര്യമുണ്ടാക്കുന്ന തരത്തില്‍ വാസ്‌തു ശാസ്‌ത്ര പ്രകാരം വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മാസ്‌റ്റര്‍ പ്ലാനില്‍ അപ്പം അരവണ പ്ലാന്‍റ് നിര്‍ദേശിക്കുന്നത്. ഇതിനായി നിലവില്‍ താമസത്തിനും ഓഫീസ് ആവശ്യത്തിനായും വാണിജ്യ ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്ന ചില കെട്ടിടങ്ങളും താല്‍ക്കാലിക നിര്‍മിതികളും പൊളിക്കേണ്ടി വരും. മാളികപ്പുറം ക്ഷേത്രത്തിന് പുറകിലായി വടക്ക് പടിഞ്ഞാറ് ഡോണര്‍ ഹൗസുകളും വിരി വെക്കാനുള്ള ഷെഡുകളും ശുചിമുറി ബ്ലോക്കുമുള്ള മേഖലയാണ് അപ്പം അരവണ പ്ലാന്‍റിനായി മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ദിവസം നാല് ലക്ഷം കണ്ടെയ്‌നര്‍ അരവണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് തിടപ്പള്ളിയോട് ചേര്‍ന്ന് സ്ഥാപിക്കാനാണ് ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നത്. തെക്ക് കിഴക്കേ മൂലയിലാണ് പുതിയ പ്ലാന്‍റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ക്യൂ കോംപ്ലക്‌സ്
തീര്‍ത്ഥാടകരുടെ താമസത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ മാസ്‌റ്റര്‍ പ്ലാനിലുണ്ട്. ഇരുമുടിയുമായി മല കയറി എത്തുന്നവര്‍ക്ക് മാത്രമായി സന്നിധാനത്തെ താമസം ക്രമീകരിക്കണം. അതും വിശേഷാല്‍ പൂജകള്‍ക്കായി തങ്ങേണ്ടതുണ്ടെങ്കില്‍ മാത്രം. ഇതിന് മുന്‍കൂട്ടി ബുക്കിങ്ങ് വേണം.
ക്യൂ കോംപ്ലക്‌സില്‍ത്തന്നെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും ദര്‍ശന സമയം വരെ അല്ലെങ്കില്‍ നെയ്യഭിഷേകം വരെ കാത്തിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാവണമെന്ന് മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നു. ഈ സൗകര്യങ്ങളോടെയുള്ള ക്യൂ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടെ സന്നിധാനത്ത് ഇപ്പോള്‍ നല്‍കിയിരിക്കുന്ന എല്ലാ താല്‍ക്കാലിക താമസ സൗകര്യങ്ങളും നീക്കം ചെയ്യണമെന്നും മാസ്‌റ്റര്‍ പ്ലാന്‍ നിര്‍ദേശിക്കുന്നു.
നിലയ്ക്കലില്‍ 90 ശതമാനവും ഡോര്‍മിറ്ററി താമസ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്. 5, 10, 20, 30 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഡോര്‍മിറ്ററിയാണ് സജ്ജമാക്കേണ്ടത്. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടെയുള്ള ഡബിള്‍ റൂം 10 ശതമാനം പേര്‍ക്ക് മാത്രം സജ്ജമാക്കണം.